ന്യൂഡൽഹി: കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. എന്നാൽ അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഇല്ല. മുൻകരുതലിന്റെ ഭാഗമായാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പോയതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്നലെ വൈകുന്നേരമാണ് അമിത്ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത പുറത്തുവിട്ടതിനൊപ്പം താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാനും അമിത്ഷാ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭായോഗത്തിലും അമിത്ഷാ പങ്കെടുത്തിരുന്നു. എന്നാൽ ശരീര ഊഷ്മാവ് പരിശോധിക്കൽ, ആരോഗ്യസേതു ആപ്പ് പരിശോധന, സാമൂഹിക അകലം തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മന്ത്രിസഭായോഗം ചേർന്നതെന്നും പ്രധാനമന്ത്രി ക്വാറന്റൈനിൽ പോകേണ്ടതില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.