ടിബറ്റിലെ കോഡ്ഗാർ വനപ്രദേശത്തുള്ള ജിപ്സികൾ അതിഥികളെ സത്കരിക്കുന്ന രീതി വളരെ വിചിത്രമാണ്. നമ്മുടെ നാട്ടിൽ അതിഥിയായി എത്തുന്നവർക്ക് വിശിഷ്ട ഭോജ്യങ്ങൾ നൽകി നാം സ്വീകരിക്കാറില്ലേ? ഇതുപോലെതന്നെയാണ് ജിപ്സികൾ അവരുടെ അതിഥികളെ സ്വീകരിക്കുന്നതും. പക്ഷേ രണ്ടും രണ്ടു തരത്തിലാണെന്നുമാത്രം. ജിപ്സികൾ, തങ്ങളുടെ അതിഥിയായി എത്തുന്നവർക്ക് ആദ്യം ഉപ്പുചേർത്ത ചായയും 'യവം' കൊണ്ടുണ്ടാക്കിയ കഞ്ഞിയും നൽകി ആദരിക്കും.
ചായപ്പാത്രം കഴുകാൻ വെള്ളത്തിനു പകരം അവർ ഉപയോഗിക്കുന്നത് സ്വന്തം നാവാണ്. ചായ കൊടുക്കുവാൻ വേണ്ടിയുള്ള പാത്രം അവർ നാവിട്ട് നന്നായി കഴുകി വൃത്തിയാക്കും. എന്നിട്ടാണ് ഉപ്പു ചായ കൊടുക്കുന്നത്. നമ്മുടെ നാട്ടുകാർക്ക് ഇക്കാഴ്ച മനംപുരട്ടൽ ഉണ്ടാക്കുമെങ്കിൽ ജിപ്സികൾക്ക് ഇതിൽപ്പരം ആനന്ദം വേറെയില്ല. ചായക്കോപ്പയുടെ അടിവശം വരെയും നാവ് നീട്ടാനും ഇവർ അഭ്യസിച്ചിട്ടുണ്ട്.
നാവിനു പകരം വെള്ളംകൊണ്ട് പാത്രം കഴുകണം എന്ന് അതിഥികളിൽ ആരെങ്കിലും പറഞ്ഞാൽ ‘അങ്ങനെയെങ്കിൽ വയറും കുടലും ദിവസവും വെള്ളംകൊണ്ട് കഴുകണമായിരിക്കുമല്ലോ’ എന്നാവും മറുപടി. പ്രശസ്ത ക്രിസ്തീയ മിഷണറി ‘സാധു സുന്ദർ സിംഗ്’ ആണ് ഇവരുടെ ആചാരരീതികൾ ലോകത്തിന് വെളിപ്പെടുത്തിയത്.