കാലിഫോർണിയ: അമേരിക്കയിലെ ദക്ഷിണ കാലിഫോർണിയയിൽ വൻ കാട്ടുതീപിടുത്തം. 'ആപ്പിൾ ഫയർ' എന്ന് പേരിട്ട കാട്ടുതീ പടർന്നതിനെ തുടർന്ന് റിവർസൈഡ് കൗണ്ടിയിലെ 2,586 വീടുകളിൽ നിന്നായി 8000ത്തോളം പേരെ ഒഴിപ്പിച്ചു. 4000ത്തിലധികം ഏക്കർ അഗ്നിവിഴുങ്ങിയതായാണ് വിവരം. വെള്ളിയാഴ്ച 700 ഏക്കറിൽ പടർന്ന തീ, ശനിയാഴ്ച 4125 ഏക്കറിലേക്ക് വ്യാപിക്കുകയായിരുന്നു. കാട്ടു തീ ഇനിയും നിയന്ത്രണത്തിലായിട്ടില്ല. സംസ്ഥാനത്തിന്റെ സ്ഥിതി വളരെ അപകടകരമാണെന്നാണ് റിപ്പോർട്ട്. 300ഓളം അഗ്നിശമനസേനാംഗങ്ങളും മറ്റ് രക്ഷാപ്രവർത്തകരും സ്ഥലത്തുണ്ട്. വെള്ളിയാഴ്ച ചെറിവാലിയിലെ ഉണങ്ങിയ കുറ്റിക്കാട്ടിന് തീ പിടിച്ചതാണ് തുടക്കം. പിന്നീടിത് ലോസാഞ്ചൽസിന് 137 കി.മീ അകലെയുള്ള ബ്യൂമോണ്ട് സിറ്റി വരെ പടർന്നു. ഇതുവരെ ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു വീടും രണ്ടു കെട്ടിടങ്ങളും തകർന്നു. പ്രാദേശിക ഹോട്ടലുകളിലും ബ്യൂമോണ്ട് ഹൈസ്‌കൂളിലും ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. മൊറോംഗോ റോഡിന് വടക്ക്, മില്യാർഡ് കാനൻ റോഡിന് കിഴക്ക്, വൈറ്റ്‌വാട്ടർ മലയിടുക്ക് റോഡിന് പടിഞ്ഞാറ് എന്നിവിടങ്ങളിൽ നിന്നും ആളുകളോട് ഒഴിയാൻ ഉത്തരവ് പുറപ്പെടുവിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അഗ്നിശമന വകുപ്പ് അറിയിച്ചു. ചൂടുള്ള താപനില, വളരെ കുറഞ്ഞ ഈർപ്പം, കടൽത്തീരത്തെ കാറ്റ് എന്നിവ കാരണം ഈ വാരാന്ത്യത്തിൽ തീ പടരുന്നതിനുള്ള സാദ്ധ്യത കൂടുതലാണെന്ന് ദേശീയ കാലാവസ്ഥാ സർവീസ് മുന്നറിയിപ്പ് നൽകിയിരുന്നു.