pot

ഗോട്ടിമലയിലെ സുകാതു വർഗത്തിൽപെട്ടവരുടെ പെണ്ണു കാണൽ ചടങ്ങ് ഏറെ രസരകരമാണ്. സുകാതു പെൺകുട്ടി കുടത്തിൽ വെള്ളം കോരിക്കൊണ്ടുവരുന്ന സ്ഥലത്ത് വരനാകേണ്ട വ്യക്തി മറഞ്ഞിരിക്കണം. അവൾ അറിയാതെ അവളുടെ മൺകുടം ഒരു കല്ലുകൊണ്ട് എറിഞ്ഞു പൊട്ടിക്കുകയാണ് ചെക്കൻ ആദ്യം ചെയ്യേണ്ടത്. കുടത്തിലെ വെള്ളം തലയിലും മുഖത്തുമെല്ലാം ചിതറിത്തെറിച്ചു വീഴുമ്പോൾ പെണ്ണ് തിരിഞ്ഞുനോക്കുക സാധാരണമാണല്ലോ.

ഇങ്ങനെ തിരിയുമ്പോൾ അവളുടെ മുഖത്ത് സന്തോഷഭാവമാണ് നിറഞ്ഞുനിൽക്കുന്നതെങ്കിൽ പെണ്ണു കാണാനെത്തിയവൻ രക്ഷപ്പെട്ടു. 'പെണ്ണിന് അവനെ ബോധിച്ചു' എന്നാണ് ആ പെൺചിരിയുടെ അർത്ഥം. എന്നാൽ നേരെ മറിച്ച് പെണ്ണ് കോപിച്ചാണ് തിരിഞ്ഞുനോക്കുന്നതെങ്കിലോ? അവന്റെ ജന്മം പാഴായെന്നു പറഞ്ഞാൽ മതിയല്ലോ.

പെണ്ണ് കോപിച്ചാൽ ഗോത്രവർഗക്കാർ അത് ഗൗരവത്തിലെടുക്കും. ആദ്യം കുടം പൊട്ടിച്ചതിന് പരിഹാരമെന്നവണ്ണം അവൻ ഒരു നല്ല കുടം വാങ്ങിക്കൊടുക്കണം. പിന്നീട് നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽവച്ച് പെൺകുട്ടിയോട് കരഞ്ഞ് മാപ്പു ചോദിക്കുകയും വേണം. അപ്പോൾ അവിടെ പെണ്ണുകാണാനെത്തുന്ന ചെക്കന്മാരുടെ അവസ്ഥ ഒന്ന് ഓർത്തു നോക്കൂ...