ന്യൂയോർക്ക് : ഫ്ലോറിഡ നഗരത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ബർമീസ് പൈത്തണുകളുടെ ശല്യം. പേര് പോലെ തന്നെ കിഴക്കൻ ഏഷ്യൻ സ്വദേശിയാണ് ബർമീസ് പെരുമ്പാമ്പുകൾ. ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് ഏഷ്യയിൽ നിന്നുമാണ് ബർമീസ് പെരുമ്പാമ്പുകളെ വളർത്താനായാണ് ഫ്ലോറിഡയിൽ ആദ്യമായി എത്തിക്കുന്നത്. എങ്ങനെയോ ഇവ പുറത്തുകടക്കുകയായിരുന്നു. ആരെങ്കിലും മനഃപൂർവം ഇവയെ തുറന്നുവിടുകയായിരുന്നോ എന്നും വ്യക്തമല്ല.
പിന്നീട് അനുകൂല സാഹചര്യത്തിൽ പെരുകിയ ഇവ ഇപ്പോൾ ഫ്ലോറിഡയിലും സമീപ പ്രദേശങ്ങളിലും തലവേദനയാണ്. ഫ്ലോറിഡയുടെ ആവാസവ്യവസ്ഥയിലേക്ക് അനധികൃതമായി കടന്നുകൂടിയ ഇക്കൂട്ടർ പക്ഷികൾ, റാക്കൂണുകൾ, മാനുകൾ എന്നിവയെ ഒക്കെ ആഹാരമാക്കുന്നത് പതിവാണ്. തരംകിട്ടിയാൽ വീടുകളോട് ചേർന്ന് മുട്ടകളിട്ട് പതുങ്ങിയിരിക്കുന്ന ഇവയ്ക്ക് 23 അടി നീളവും 12 കിലോ ഭാരവുമൊക്കെ കാണാറുണ്ട്.
ഫ്ലോറിഡയിലെ ആവാസ വ്യവസ്ഥ കടുത്ത ഭീഷണി ഉയർത്തുന്ന ബർമീസ് പെരുമ്പാമ്പുകളുടെ എണ്ണം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി ഫ്ലോറിഡയിലെ തണ്ണീർത്തടപ്രദേശമായ എവർഗ്ലേഡ്സിൽ നിന്നും മൂന്ന് വർഷത്തിനിടെ നീക്കം ചെയ്തത് 5,000 ത്തോളം ബർമീസ് പെരുമ്പാമ്പുകളെയാണ്. ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.
വംശനാശ ഭീഷണി നേരിടുന്നതുൾപ്പെടെ ഉൾപ്പെടെ എവർഗ്ലേഡ്സിലെ സ്വാഭാവിക ആവാസവ്യവസ്ഥയിലെ ജീവികളെ ബർമീസ് പെരുമ്പാമ്പുകൾ ആഹാരമാക്കുന്നത് തടയാനാണ് അധികൃതർ ഇക്കൂട്ടരെ ഇവിടെ നിന്നും കൂട്ടത്തോടെ നീക്കം ചെയ്തത്. 2017ലാണ് എവർഗ്ലേഡ്സിൽ നിന്നും ആക്രമകാരികളായ പെരുമ്പാമ്പുകളെ നീക്കം ചെയ്യാനുള്ള പദ്ധതി തുടങ്ങിയത്. ലോകത്തെ ഏറ്റവും നീളം കൂടിയ പാമ്പുകളിൽ ഒന്നാണഅ ബർമീസ് പൈത്തണുകൾ.