കൊളംബോ: മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിയായ പൂച്ച ജയിൽ ചാടി. ശ്രീലങ്കയിലെ പ്രധാന ജയിലായ വെലിക്കട സെൻട്രൽ ജയിലിൽ നിന്നാണ് പൂച്ച ചാടിയത്.
ഹെറോയിൻ, അനിധികൃത ഫോൺ സിം കാർഡ് എന്നിവ കടത്തിയതിനാണ് കക്ഷി ശനിയാഴ്ച പിടിയിലായത്. രണ്ടു ഗ്രാം ഹെറോയിൻ പായ്ക്കറ്റിലാക്കിയതും രണ്ട് സിം കാർഡുകളും കഴുത്തിൽ കെട്ടി കക്ഷി എത്തിയത് ജയിലിലേക്കാണ്. അതിനിടെ ജയിൽ അധികൃതരുടെ കണ്ണിൽപ്പെട്ടു. പിടിക്കപ്പെട്ടു. ഇത് ജയിലിനുള്ളിലെ തടവുകാരിൽ ഒരാൾക്ക് വേണ്ടി പുറത്തുനിന്ന് എത്തിക്കാൻ ശ്രമിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. പൂച്ചയെ ഒരു മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്ച നോക്കുമ്പോൾ പൂച്ച കിടന്നിടത്ത് പൂട പോലുമില്ല.
ശ്രീലങ്കയിലെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് ഉപയോഗം വളരെ കൂടുതലായതിനാൽ പൊലീസ് കടുത്ത ജാഗ്രത പുലർത്തുന്നുണ്ട്. അതോടൊപ്പം ജയിൽ വളപ്പുകൾക്കുള്ളിലേക്ക് പുറത്തുനിന്ന് ആളുകൾ മയക്കുമരുന്ന് ഉൾപ്പെടെയുള്ള പായ്ക്കറ്റുകൾ എറിഞ്ഞുകൊടുക്കുന്നതായും പൊലീസ് പറയുന്നു. ഇതിനെ തുടർന്ന് ജയിലുകളിൽ നിരീക്ഷണം കർശനമാക്കി. എന്നാൽ, വെലിക്കട ജയിലിലെ കനത്ത സുരക്ഷാ സംവിധാനം മറികടന്ന് പൂച്ച ചാടിപ്പോയതെങ്ങനെയെന്ന അന്വേഷണത്തിലാണ് പൊലീസ് വിഭാഗം.