ഡബ്ലിൻ: ഐറിഷ് രാഷ്ട്രീയ നേതാവും സമാധാന നോബേൽ സമ്മാന ജേതാവുമായ ജോൺ ഹ്യൂം അന്തരിച്ചു. 83 വയസായിരുന്നു. നോർതേൺ അയർലൻഡിലെ സോഷ്യൽ ഡെമോക്രാറ്റിക് ആൻഡ് ലേബർ പാർട്ടിയുടെ (എസ്‍.ഡി.എൽ.പി) സ്ഥാപകനാണ് ജോൺ ഹ്യൂം.
പൗരാവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി ജീവതം സമർപ്പിച്ച ഹ്യൂം, ഇന്നലെയാണ് വിടവാങ്ങിയത്. വർഷങ്ങളായി മറവിരോഗം ബാധിച്ച് കഴിയുകയായിരുന്നു. 1979-ലാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചത്. 2001 വരെ അദ്ദേഹം പാർട്ടിയുടെ ഉന്നത നേതാവായി തുടർന്നു. യു.കെ പാർലമെന്റിലും യൂറോപ്യൻ പാർലമെന്റിലും അംഗമായിരുന്നു. നോർതേൺ അയർലൻഡ് അസംബ്ലിയിലും അംഗമായിരുന്നു.
♦ ഹ്യൂം: സമാധാനശിൽപി
നോർതേൺ അയർലൻഡിന്റെ സമാധാന പദ്ധതിയുടെ ശിൽപിയാണ് അദ്ദേഹം. നോർതേൺ അയർലൻഡിലെ സമാധാന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 1998-ൽ ഡേവിഡ് ട്രിംബിളിനൊപ്പമാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. ഗാന്ധി സമാധാന സമ്മാനം, മാർട്ടിൻ ലൂഥർ കിംഗ് അവാർഡ് എന്നിയും ഹ്യൂമിനെ തേടിയെത്തിയിട്ടുണ്ട്. 2010-ൽ പൊതുജനങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെ നോർതേൺ അയർലൻഡിലെ എക്കാലത്തെയും മികച്ച നേതാവായി ഹ്യൂം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.