ന്യൂഡൽഹി: കൊവിഡ്-19 പശ്ചാത്തലത്തിൽ ആഭ്യന്തര ക്രിക്കറ്റ് സീസൺ പുനരാരംഭിക്കുന്നതിന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഇതുപ്രകാരം 60 വയസ് കഴിഞ്ഞവർക്ക് പരിശീലന ക്യാമ്പുകളിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. മറ്റ് രോഗങ്ങളുള്ളവർക്കും പ്രവേശനം നിഷേധിച്ചിട്ടുണ്ട്.
സംസ്ഥാനതല കേന്ദ്രങ്ങളിൽ പരിശീലനം പുനരാരംഭിക്കുന്നതിന് മുമ്പ് കളിക്കാർ സമ്മതപത്രത്തിൽ ഒപ്പിടേണ്ടിവരും. രോഗവ്യാപനത്തിനിടെ പരിശീലനം പുനരാരംഭിക്കുമ്പോഴുള്ള അപകടസാധ്യതകൾ അംഗീകരിക്കുന്നതായാണ് സമ്മതപത്രം.സ്റ്റേഡിയത്തിലേക്കും പരിശീലനത്തിനുമുള്ള യാത്രയിലും കളിക്കാർ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.
കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയും അതത് സംസ്ഥാന അസോസിയേഷനുകളുടെ മാത്രം ഉത്തരവാദിത്തമായിരിക്കുമെന്നും ബി.സി.സി.ഐ പറയുന്നു.
2019-2020 ആഭ്യന്തര സീസൺ ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ചിരുന്നു. അടുത്ത സീസൺ ഇൗ മാസം ആരംഭിക്കേണ്ടതായിരുന്നു. അടുത്ത മാസം ക്യാമ്പുകൾ ആരംഭിക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.സി.സി.ഐ.
അരുൺ ലാലും ഡേവ് വാറ്റ്മോറും
കോച്ചിംഗിൽ നിന്ന് മാറി നിൽക്കേണ്ടി വരും
60 വയസ് എന്ന പരിധി ബാധിക്കുന്നത് പരിശീലകരെയാണ്. ബംഗാളിന്റെ പരിശീലകനും മുൻ ഇന്ത്യൻ താരവുമായ അരുൺ ലാലിനും ഇൗ സീസണിൽ കേരളം വിട്ട് ബറോഡയിലേക്ക് ചേക്കേറിയ ഡേവ് വാറ്റ്മോറിനും ഇതനുസരിച്ച് മാറി നിൽക്കേണ്ടിവരും.