ഹെൽസിങ്കി: ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മരിൻ വിവാഹിതയായി. കൊവിഡ് കാലത്തെ വിവാഹം എങ്ങനെയാകണമെന്നതിനുള്ള മാതൃകയായിരുന്നു ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുടെ വിവാഹ ചടങ്ങ്. ഹെൽസിങ്കിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ 40 പേർ മാത്രമാണ് അതിഥികളായി പങ്കെടുത്തത്. ദീർഘകാലമായി തന്റെ പങ്കാളിയായ ഫുട്ബാൾ താരം മാർകസ് റെയ്‍കനനെയാണ് 34കാരിയായ സന്ന വിവാഹം ചെയ്‍തത്. 16 വർഷമായി ഇരുവരും ഒന്നിച്ചാണ് താമസം. ഇവർക്ക് രണ്ട് വയസുള്ള മകളും ഉണ്ട്. ഇൻസ്ാറ്റഗ്രാമിലൂടെയാണ് സന്ന താൻ വിവാഹിതയായ വിവരം പുറത്തുവിട്ടത്. വിവാഹചിത്രവും അവർ പങ്കുവച്ചു. ചെറുപ്പകാലം മുതൽ നമ്മൾ ഒരുമിച്ച് ജീവിച്ചു, ഒരുമിച്ച് വളർന്നു, നമ്മുടെ മകളുടെ നല്ല രക്ഷിതാക്കളായി. എനിക്കൊപ്പം നിൽക്കുന്നതിന് നന്ദി.- വിവാഹ ചിത്രം പങ്കുവച്ചുകൊണ്ട് സന്ന തന്റെ പങ്കാളിയെക്കുറിച്ച് ഇൻസ്ററാഗ്രാമിൽ കുറിച്ചു. കഴിഞ്ഞ ഡിസംബറിലാണ് സന്ന, ഫിൻലാൻഡ് പ്രധാനമന്ത്രിയായത്. അയൽരാജ്യമായ ഡെൻമാർക്കിന്റെ പ്രധാനമന്ത്രി മെറ്റ് ഫ്രെഡെറിക്സെൻ വിവാഹിതയായതിന് പിന്നാലെയാണ് സന്നയുടെയും വിവാഹം. വിവിധ കാരണങ്ങൾ കൊണ്ട് പലതവണ മാറ്റിവച്ച ഫ്രെഡെറിക്സന്റെ വിവാഹം ജൂലായ് 15നായിരുന്നു.