bijulal

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജു ലാലിന്റെ ഭാര്യ സിമിയുടെ ശബ്‌ദരേഖ പുറത്ത്. ബിജുലാൽ പണം അപഹരിച്ചത് വാർത്തകളിലൂടെ മാത്രമാണ് താൻ അരിഞ്ഞത് എന്നാണ് സിമി പറയുന്നത്. എത്ര രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നത് ഉൾപ്പെടെ ഇതിനെപ്പറ്റി യാതൊന്നും തന്നോട് പറ‌ഞ്ഞിട്ടില്ല. കല്യാണം കഴി‌ഞ്ഞിട്ട് പതിമൂന്ന് വർഷമായി. തെറ്റായ ഒരു പ്രവൃത്തിയും ബിജു ലാലിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും സിമി പറയുന്നു.

"എന്തിനാണ് എന്നോടിത് ചെയ്തതെന്ന് അറിയില്ല. ഞാൻ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപികയാണ്, സർക്കാർ ജീവനക്കാരിയാണ്. കല്യാണം കഴിഞ്ഞിട്ട് 13 വർഷമായി. ഇന്നേവരെ ബിജുവേട്ടന്റെ ഭാഗത്ത് നിന്ന് തെറ്റായിട്ടുള്ള ഒന്നും ഉണ്ടായിട്ടില്ല. സംശയിക്കേണ്ട തരത്തിലുള്ള യാതൊന്നും തോന്നിയിട്ടില്ല. രണ്ടുപേർക്കും ശമ്പളം ഉണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല. സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്" എന്നും സിമി വ്യക്തമാക്കുന്നു.

ബിജുലാൽ ഓൺലൈൻ വഴി റമ്മി കളിച്ചെന്നും അതിൽ ലാഭനഷ്ടം ഉണ്ടായെന്നും നേരത്തെ പറഞ്ഞിരുന്നു. അതിലൂടെ കിട്ടിയ പണം ബാങ്ക് അക്കൗണ്ടിലേക്കും അവിടെ നിന്ന് വേറെ അക്കൗണ്ടിലേക്കും മാറ്റിയെന്ന് തന്നോട് പറഞ്ഞു. ഇതറിഞ്ഞപ്പോൾ ബഹളം വച്ചെന്നും അന്നേരം ഫോണെടുക്കാതെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നുമാണ് സിമി പറയുന്നത്.

താൻ കേസിൽ ഒരു തെറ്റും ചെയ്തിട്ടില്ല. തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ല. പൊലീസ് തന്നെയും പ്രതിചേർത്തുവെന്ന് അറിഞ്ഞു. പൊലീസ് രണ്ട് മൂന്ന് വട്ടം വീട്ടിൽ വന്നു. കാര്യങ്ങൾ അവരോട് വിശദമായി പറഞ്ഞുകൊടുത്തതുമാണ്. തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. അഴിമതിക്കാരനല്ലാത്ത നല്ല ഉദ്യോഗസ്ഥനെ കൊണ്ട് കേസ് വസ്തുനിഷ്ഠമായി അന്വേഷിക്കണം, എല്ലാം പുറത്തുവരും. താനൊന്നും അറിഞ്ഞിട്ടില്ല, തന്നെ പ്രതിയാക്കുന്നത് തന്നോടും തന്റെ കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണെന്നും സിമി പറഞ്ഞു.