തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 65ന് വയസിന് മുകളിൽ പ്രായമുള്ളവർക്ക് പ്രോക്‌സി വോട്ട് അനുവദിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചാൽ, അതിൽ കൃത്രിമം നടക്കാൻ സാദ്ധ്യതയുണ്ടോ എന്ന ആശങ്കയും അതിനൊപ്പം ഉയരുന്നു. വോട്ടെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് ഭീതി പൂർണമായും ഒഴിഞ്ഞുപോകുമെന്ന പ്രതീക്ഷ ഇല്ലാത്തതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാവും വോട്ടെടുപ്പ് നടത്തുക. ഇതിന്റെ ഭാഗമായാണ് വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടുന്നതും മുതിർന്ന വോട്ടർമാർക്ക് പ്രോക്സി വോട്ട് സൗകര്യവും ഉൾപ്പെടെ നിർണായക തീരുമാനങ്ങളെക്കുറിച്ചു കമ്മിഷൻ ആലോചിക്കുന്നത്. അതിനിടെയാണ് പ്രോക്സി വോട്ട് സംബന്ധിച്ച ആശങ്ക ഉയരുന്നത്.
ആശങ്കയും സംശയവും
മുതിർന്ന പൗരന്മാർക്കും ക്വാറന്റൈനിൽ കഴിയുന്ന 65 വയസിന് മുകളിലുള്ളവർക്കും വേണ്ടിയാണ് കമ്മിഷൻ പ്രോക്‌സി വോട്ട് എന്ന രീതിയെ കുറിച്ച് ആലോചിക്കുന്നത്. വോട്ടർ രേഖാമൂലം ഏർപ്പെടുത്തുന്ന ആളാണ് പ്രോക്സി വോട്ട് ചെയ്യുന്നത്. അത് അടുത്ത ബന്ധുവോ മറ്റാരെങ്കിലുമോ ആകാം. എന്നാൽ, വോട്ടർ പറഞ്ഞ സ്ഥാനാർത്ഥിക്ക് തന്നെ എല്ലാ പ്രോക്സി വോട്ടർ വോട്ട് രേഖപ്പെടുത്തണമെന്നില്ല. ഇത് വലിയ പരാതികൾക്ക് ഇടയാക്കുമെന്നാണ് ആശങ്ക. തിരഞ്ഞെടുപ്പ് ചട്ട പ്രകാരം വോട്ടിംഗ് സമയത്ത് വോട്ട് ചെയ്യുന്ന ആളിനല്ലാതെ വോട്ടിംഗ് മെഷീന് സമീപം നിൽക്കാൻ കഴിയില്ല. മാത്രമല്ല, പ്രോക്സിയായ ആൾ വിശ്വസ്തനാണെന്ന് ഉറപ്പിക്കുന്നതും എളുപ്പമല്ല. കൂടാതെ രാഷ്ട്രീയപാർട്ടികളുടെ ശക്തികേന്ദ്രങ്ങളിൽ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യവുമുണ്ടാവാം.
പരിഹാരം പോസ്റ്റൽ വോട്ടോ
അതേസമയം, പോസ്‌റ്റൽ വോട്ട് ആണെങ്കിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് കമ്മിഷൻ കരുതുന്നു. പോസ്റ്റൽ വോട്ടാകുമ്പോൾ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് സുരക്ഷിതമായി സീൽ ചെയ്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കാനാകും.
ഓർഡിനൻസ് വരും
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്തണമെങ്കിൽ ഓർഡിനൻസ് ഇറക്കേണ്ടി വരും. ഇതേക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. വോട്ടെടുപ്പിന് കൊവിഡ് പ്രോട്ടോക്കോൾ നിശ്ചയിക്കാൻ ആരോഗ്യവിദഗ്ദ്ധരുമായി ഉടൻ കമ്മിഷൻ ചർച്ച നടത്തും. നവംബർ 12നകം തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ ചുമതലയേൽക്കേണ്ടതുണ്ട്. പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടുന്നതും കമ്മിഷന്റെ പരിഗണനയിലാണ്. പുതുക്കിയ വോട്ടർ പട്ടിക ആഗസ്റ്റ് രണ്ടാംവാരത്തിൽ പ്രസിദ്ധീകരിക്കും.
പ്രോക്സി വോട്ട്
വോട്ടറുടെ ഭാര്യ, ഭർത്താവ്, മക്കൾ, സഹോദരങ്ങൾ തുടങ്ങി അടുത്ത ബന്ധുക്കളെയാണ് പ്രോക്സി വോട്ടിന് പരിഗണിക്കുക. വോട്ടർ ചുമതലപ്പെടുത്തുന്നയാൾക്ക് ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തിയ അധികാരപത്രം നൽകണം. ഇതിന്റെ മാതൃക കമ്മിഷൻ തയ്യാറാക്കി നൽകും. പോളിംഗ് ഉദ്യോഗസ്ഥർക്കും തപാൽ വോട്ടിനൊപ്പം പ്രോക്സി വോട്ട് പരിഗണിക്കുന്നുണ്ട്.