ലണ്ടൻ: കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്നറിയാൻ ഇനി 90 മിനുട്ട് മതി. പുതിയ പരിശോധനാ സംവിധാനം അടുത്തയാഴ്‍ച മുതൽ ബ്രിട്ടനിലെ കെയർ ഹോമുകളിലും ലബോറട്ടറികളിലും ലഭ്യമാകും. സ്രവ പരിശോധനയിലൂടെ കൊവിഡ് ബാധയും ഫ്ലൂ ഉൾപ്പെടെയുള്ള മറ്റു രോഗങ്ങളും വേർതിരിച്ചറിയുന്നതാണ് പുതിയ ടെസ്റ്റ്. അതിവേഗം ഫലം ലഭിക്കുമെന്നതിന് പുറമെ ഈ പരിശോധന ലാഭകരവുമാണെന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു.
നിലവിൽ മൂന്നിലൊന്ന് ഫലങ്ങൾ മാത്രമാണ് 24 മണിക്കൂറിനകം ലഭിക്കുന്നത്. ബാക്കിയുള്ള ഫലങ്ങൾ ലഭിക്കാൻ രണ്ട് ദിവസം വരെയെടുക്കും. ജൂലായിൽ സർക്കാർ ലക്ഷ്യമിട്ടിരുന്ന അത്രയും പരിശോധനകൾ നടത്താനാകാതെ വന്ന സാഹചര്യത്തിലാണ് പുതിയ ടെസ്റ്റ് കിറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. കെയർ ഹോമുകളിലും ലാബുകളിലും ടെസ്റ്റ് കിറ്റുകൾക്ക് ക്ഷാമം നേരിടുന്നതായി പരാതി ഉയർന്നിരുന്നു.
അടുത്ത ആഴ്‍ചയാകുമ്പോഴേക്കും അഞ്ച് ലക്ഷത്തോളം പുതിയ റാപ്പിഡ് സ്രവ പരിശോധനാ കിറ്റുകൾ ലഭ്യമാക്കുമെന്നാണ് സർക്കാർ പറയുന്നത്. തുടർന്ന് ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് കിറ്റുകൾ കെയർ ഹോമുകളിലേക്ക്, ലാബുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. അതേസമയം, പുതിയ ടെസ്റ്റ് എത്രത്തോളം കൃത്യതയുള്ളതാണെന്നത് സംബന്ധിച്ച് വിവരം ലഭ്യമല്ല.
റാപ്പിഡ് സ്രവ പരിശോധനാ ടെസ്റ്റ് കിറ്റുകൾക്ക് പുറമെ ആയിരക്കണക്കിന് ഡി.എൻ.എ ടെസ്റ്റ് യന്ത്രങ്ങളും ആശുപത്രികളിൽ ലഭ്യമാക്കും. നിലവിൽ ലണ്ടനിലെ എട്ട് ആശുപത്രികളിലാണ് ഡി.എൻ.എ ടെസ്റ്റിംഗ് സംവിധാനമുള്ളത്. സെപ്തംബർ മുതൽ നാഷണൽ ഹെൽത്ത് സർവീസിന് കീഴിലുള്ള എല്ലാ ആശുപത്രികളിലും ഡി.എൻ.എ ടെസ്റ്റിംഗ് സംവിധാനം ഒരുക്കും.