space-x-1

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെട്ട സ്‌പേസ്എസ്‌ക് പേടകം ഡ്രാഗണ്‍ മെക്‌സിക്കോ ഉള്‍ക്കടലില്‍ പറന്നിറങ്ങി. മനുഷ്യരുമായുള്ള ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയതോടെ യു.എസിന് ഇത് ചരിത്ര നേട്ടം.

ബഹിരാകാശ സഞ്ചാരികളായ ഡഗ് ഹര്‍ളി, റോബോർട്ട് ബെന്‍കര്‍ എന്നിവരുമായാണ് ഡ്രാഗണ്‍ പേടകം മെക്‌സിക്കോ ഉള്‍ക്കടലില്‍ ഫ്ലോറിഡയോടു ചേര്‍ന്ന് പറന്നിറങ്ങിയത്. തുടര്‍ന്ന് രക്ഷാബോട്ടിലെത്തിയ സംഘം പേടകത്തില്‍ നിന്ന് ബഹിരാകാശ സഞ്ചാരികളെ പുറത്തിറക്കി.

space-x-2

45 വര്‍ഷത്തിനു ശേഷമാണ് യു.എസില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരികള്‍ പേടകത്തില്‍ വാട്ടര്‍ ലാന്‍ഡിങ് നടത്തുന്നത്. ഇതിനു മുന്‍പ് ചരിത്രപ്രസിദ്ധമായ അപ്പോളോ മൊഡ്യൂളായിരുന്നു വാട്ടര്‍ ലാന്‍ഡിങ് നടത്തിയത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ഡ്രാഗണ്‍ പേടകം സമുദ്രത്തില്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ പറന്നിറങ്ങിയത്. നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായി സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിന്റെ രണ്ടാമത്തെ ബഹിരാകാശ പരീക്ഷണവും ബഹിരാകാശയാത്രികരുമായുള്ള ആദ്യ പരീക്ഷണവുമാണിത്.

space-x-3

രണ്ട് മാസം മുന്‍പാണ് പേടകം ബഹിരാകാശത്തേയ്ക്ക് പുറപ്പെട്ടത്. തന്റെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് സഞ്ചാരിയായ ഡഗ് ഹര്‍ളി പ്രതികരിച്ചു. സഞ്ചാരികളെ സ്‌പേസ് എക്‌സും നാസയും അഭിനന്ദിക്കുകയും ചെയ്തു. ഈ ക്യാപ്സ്യൂളിന് 20 അടി ഉയരവും 12 അടി വ്യാസവും ഉണ്ട്. ഇതില്‍ ഏഴ് ബഹിരാകാശ യാത്രക്കാര്‍ക്കു വരെ ഒരേ സമയം യാത്ര ചെയ്യാം. സഞ്ചാരികള്‍ സുരക്ഷിതരായി തിരിച്ചെത്തിയതില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സന്തോഷം പ്രകടിപ്പിച്ചു.

space-x-4

അടിയന്തര സാഹചര്യങ്ങളില്‍ രക്ഷപെടാന്‍ ക്രൂ ഡ്രാഗണില്‍ ഒരുക്കിയിരിക്കുന്നത് അത്യാധുനിക സുരക്ഷയാണ്. ചുറ്റുപാടിനെ ക്രമീകരിക്കാനും സുരക്ഷയ്ക്കുമുള്ള സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതെസമയം, പേടകത്തില്‍ നിന്നു വമിക്കുന്ന വിഷവാതകങ്ങള്‍ ഗൗനിക്കാതെ സ്വകാര്യ ബോട്ടുകള്‍ പേടകത്തിനോടു ചേര്‍ന്നു പറന്നത് ആശങ്ക സൃഷ്ടിച്ചു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തു നിന്ന് മാറ്റി.

space-x-5