swapna

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വ‌പ്‌ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു. സാമ്പത്തിക കുറ്റ കൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് സ്വപ്‌നയുടെ മൊഴി സമർപ്പിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് മൊഴി കോടതിക്ക് കൈമാറിയത്. സ്വപ്‍ന ആവശ്യപ്പെട്ട പ്രകാരമാണ് നടപടിയെന്ന് കസ്റ്റംസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്‍ച മുതൽ ശനിയാഴ്‍ച വരെയാണ് കസ്റ്റംസ് സ്വപ്‍നയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ സ്വർണക്കടത്തിന് സഹായിച്ച ഉന്നത രാഷ്ടീയ ബന്ധമുള്ളവരുടെ പേരുകൾ സ്വപ്‍ന വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഭാവിയിൽ മൊഴി മാറ്റാൻ സമ്മർദം ഉണ്ടായേക്കാമെന്നത് കണക്കിലെടുത്താണ് മൊഴിയുടെ പകർപ്പ് കസ്റ്റംസിനോട് കോടതിയിൽ സമർപ്പിക്കാൻ സ്വപ്‍ന തന്നെ ആവശ്യപ്പെട്ടത്.

അതേസമയം സ്വർണക്കടത്തുകേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ബുധനാഴ്ച ഹാജരാക്കാൻ ഉത്തരവായി. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്. കസ്റ്റംസ്, എൻ.ഐ.എ എന്നിവരുടെ അന്വേഷണത്തിന് പിന്നാലെയാണ് സ്വർണക്കടത്തുകേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്.

സ്വർണക്കടത്തിലെ പണമിടപാടുകളെക്കുറിച്ചായിരിക്കും ഇവരുടെ അന്വേഷണം. പണത്തിന്റെ ഉറവിടം, കളളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാട് എന്നിവ അന്വേഷണത്തിന്റെ പരിധിയിൽ വരും. സ്വർണക്കടത്തിലെ ഭീകരബന്ധമാണ് എൻ.ഐ.എ അന്വേഷിക്കുന്നത്. നയതന്ത്ര ചാനൽ വഴിയുളള കളളക്കടത്തിനെക്കുറിച്ചാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.