ജലാലാബാദ്: അഫ്‍ഗാനിസ്ഥാനിൽ ജയിലിന് നേരെയുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. 42ഓളംപേർക്ക് പരിക്കേറ്റു. കിഴക്കൻ അഫ്‍ഗാനിലെ നൻഗർഹർ പ്രവിശ്യയിലെ ജലാലാബാദ് ജയിലിന് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്‍ച വൈകിട്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സംഘം ജയിലിന് നേരെ ആക്രമണം തുടങ്ങിയത്. ജയിലിന് മുന്നിൽ ചാവേർ കാർ ബോംബ് സ്‍ഫോടനത്തോടെയായിരുന്നു ആക്രമണത്തിന് തുടക്കം. ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിന് മുന്നിലായിരുന്നു സ്‍ഫോടനം. തുടർന്ന് തോക്ക്ധാരികളായ ഭീകരർ ജയിലിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. അഫ്‍ഗാൻ സുരക്ഷാസേന പ്രത്യാക്രമണം നടത്തി. ഏറ്റുമുട്ടൽ ഇന്നലെ രാവിലെ വരെ തുടർന്നതായി നൻഗർഹർ പ്രവിശ്യ ഭരണകൂടം അറിയിച്ചു. അതേസമയം, ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിനിടെ നിരവധി തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എത്ര പേരാണ് രക്ഷപ്പെട്ടതെന്ന് വ്യക്തമല്ല. ആക്രണമത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണത്തിൽ പങ്കില്ലെന്ന് താലിബാൻ വക്താവ് നേരത്തെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.