ന്യൂഡൽഹി: ഇന്ത്യയെ ലോക ഫുട്ബാളിന്റെ ശക്തികേന്ദ്രമാക്കി മാറ്റാൻ മുന്നിട്ടിറങ്ങുമെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു അറിയിച്ചു. ഇതിന്റെ ഭാഗമായി സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയും ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനുമായി ചേർന്ന് പ്രതിഭകളെ കണ്ടെത്തും. അഞ്ച് സോണൽ കമ്മറ്റികൾ രൂപീകരിച്ച് തിരഞ്ഞെടുക്കുന്ന കൗമാര താരങ്ങൾക്ക് ഖേലോ ഇന്ത്യ സ്കീമിന് കീഴിൽ പരിശീലനം നൽകും. ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്ടൻ സുനിൽ ഛെത്രിയുടെ 36-ാം പിറന്നാളിനോട് അനുബന്ധിച്ച് ഡൽഹി ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച വെബിനാറിലാണ് മന്ത്രി പുതിയ സ്കീം പ്രഖ്യാപിച്ചത്.
രാജ്യത്ത് ഇന്നുവരെ നടന്നതിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ തീർത്തും പ്രൊഫഷണലിസത്തോടെയാകും പുതിയ ടാലന്റ് ഹണ്ട് എന്ന് മന്ത്രി പറഞ്ഞു. ഇപ്പോഴത്തെയും മുൻ കാലത്തെയും കളിക്കാരുടെ നേതൃത്വത്തിലാകും പ്രവർത്തനങ്ങൾ നടത്തുകയെന്നും മന്ത്രി പറഞ്ഞു.
കായികരംഗത്തെയും സിനിമാരംഗത്തെയും പ്രമുഖർ ഛെത്രിക്ക് സോഷ്യൽ മീഡിയിയിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചു.