bab
മെക്സി​ക്കോയി​ലെ ആശുപത്രി​യി​ൽ ആരംഭി​ച്ച 'ബേബി​ കാബി​ൻ പരേഡെ'ന്ന പ്രത്യേക മുറി​യി​ലൂടെ നവജാത ശി​ശുവി​നെ ബന്ധുക്കളെ കാണി​ക്കുന്ന മാതാപി​താക്കൾ

ന്യൂയോർക്ക്: ലോകത്തെ കൊവിഡ് രോഗികൾ 1.82 കോടി കടന്നു. മരണം ഏഴ് ലക്ഷത്തോടടുക്കുന്നു. അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. പ്രതിദിനം രണ്ടര ലക്ഷത്തിലേറെ ആളുകളാണ് വൈറസിന്റെ പിടിയിലാകുന്നത്. അമേരിക്കയാണ് പ്രതിദിന കണക്കുകളിൽ ഏറ്റവും മുന്നിൽ. തൊട്ടുപിന്നിൽ ഇന്ത്യ. നിലവിൽ ഏറ്റവും കൂടുതൽ രോഗികളും മരണം റിപ്പോർട്ട് ചെയ്‍തതും അമേരിക്കയിലാണ്. രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. രോഗികളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. രോഗവ്യാപനം രൂക്ഷമായതോടെ കൂടുതൽ രാജ്യങ്ങൾ വീണ്ടും നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ലോകത്ത് തന്നെ ഇന്ത്യയിലാണ് ഏറ്റവും അധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 52,783 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ 49,038 പേർക്കും ബ്രസീലിൽ 24,801 പേർക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഏറ്റവും മരണം റിപ്പോർട്ട് ചെയ്തത് മെക്‌സിക്കോയിലാണ് (784). ഇന്ത്യയിൽ 24മണിക്കൂറിനുള്ളിൽ 758 മരണം റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 467മരണങ്ങളും ബ്രസീലിൽ 514 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അമേരിക്കയിലെ കൊവിഡ് മരണം 1.58 ലക്ഷം പിന്നിട്ടപ്പോൾ ബ്രസീലിൽ മരണം ഒരു ലക്ഷത്തോടടുക്കുകയാണ്. ബ്രസീലിൽ ഇതുവരെ 94,130 പേർ മരിച്ചു. 38,161 പേരാണ് ഇന്ത്യയിൽ മരിച്ചത്.

അമേരിക്കയിൽ അസാധാരണ വേഗം

അമേരിക്കയിൽ ആദ്യഘട്ടത്തിൽ നിന്ന് വ്യത്യസ്‍‍തമായി അസാധാരണ വേഗത്തിലാണ് കൊവിഡ് വ്യാപിക്കുന്നതെന്ന് വൈറ്റ് ഹൗസിലെ കൊറോണ വൈറസ് ടാസ്‍ക് ഫോഴ്സ് കോ-ഓർഡിനേറ്റർ ഡെബോറ ബിർക്സ് പറയുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും വൈറസ് അതിവേഗം പടരുകയാണ്. നമ്മൾ പുതിയൊരു ഘട്ടത്തിലാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കണ്ടതുപോലെയുള്ള സ്ഥിതിയല്ല വരാൻ പോകുന്നത്. അടുത്ത ഏതാനും ആഴ്‍ചകൾ കടുത്ത ജാഗ്രത പുലർത്തണം.- ഡെബോറ ബിർക്സ് പറയുന്നു. ഗ്രാമപ്രദേശങ്ങളിലാണ് വൈറസ് വ്യാപനം കൂടുതൽ രൂക്ഷമാകാൻ സാദ്ധ്യതയെന്നും ബിർക്സ് മുന്നറിയിപ്പ് നൽകി.

ലാറ്റിൻ അമേരിക്കയിൽ 50 ലക്ഷം

ലാറ്റിനമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുകയാണ്. രണ്ട് ലക്ഷത്തിലേറെ പേരാണ് ഇവിടങ്ങളിൽ മരിച്ചത്. ആകെ രോഗികളിൽ പകുതിയോളം ബ്രസീലിലാണ്. മെക്സിക്കോ, പെറു, ചിലി, കൊളംബിയ, അർജന്റീന എന്നീ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷം. രോഗികളുടെ എണ്ണത്തിലും മരണത്തിലും മെക്‌സിക്കോയാണ് രണ്ടാം സ്ഥാനത്ത്. 4,39,046 പേരാണ് മെക്സിക്കോയിൽ രോഗികളായത്. 47,746 മരണവും റിപ്പോർട്ട് ചെയ്‍തു. അർജന്റീനയിലും രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു.