bijulal

തിരുവനന്തപുരം: തിരുവനന്തപുരം ട്രഷറി തട്ടിപ്പ് കേസിൽ ബിജുലാലിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. നോട്ടീസ് പോലും നൽകാതെയാണ് ധനവകുപ്പ് നടപടി. നോട്ടീസ് ബിജുലാലിന് നൽകേണ്ടെന്നാണ് ധനവകുപ്പ് തീരുമാനം. ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ട്രഷറി ഡയറക്ടർ ഇന്ന് ധനകാര്യ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ശേഷം ധനകാര്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു അന്തിമ നടപടിയുണ്ടായത്.

സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. ജില്ലാ ട്രഷറി ഓഫീസർ, ടെ‌ക്‌നിക്കൽ കോഡിനേറ്റർ എന്നിവർക്കെതിരെ ഇന്നു തന്നെ നടപടിയുണ്ടാകുമെന്ന സൂചനയുണ്ട്. ബിജുലാൽ മുമ്പ് ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി ട്രഷറിയുടെ സോഫ്റ്റ് വെയർ തയ്യാറാക്കിയ നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്ററിന്റെ സഹായം തേടും. ട്രഷറിയിലെ ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെന്റ് സെല്ലിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേഡ് റദ്ദാക്കിയിരുന്നെങ്കിൽ ബിജുലാലിന് പണം തട്ടാൻ അവസരം ലഭിക്കില്ലായിരുന്നു എന്നാണ് നിഗമനം.

ഭാര്യയുടെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ബിജുലാൽ പണം മാറ്റിയത്. ബാക്കി ഒരു കോടി മുപ്പത് ലക്ഷത്തിലേറെ രൂപ ബിജുലാലിന്റെ ട്രഷറി അക്കൗണ്ടുകളിൽ നിന്നു തന്നെ കണ്ടെത്തി. മറ്റ് അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചോ എന്നും പരിശോധിക്കും. ബിജുലാലിനും ഭാര്യ സിമിക്കും എതിരെ വഞ്ചനാകുറ്റത്തിനും രേഖകളിൽ തിരിമറി നടത്തിയതിനുമാണ് പൊലീസ് കേസ്. ഐ.ടി ആക്ട് പ്രകാരവും കേസെടുത്തു. അതേസമയം താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ബിജുലാലിന്റെ ഭാര്യ സിമിയുടെ ഓഡിയോ സന്ദേശം പുറത്തുവന്നു.