william-english

ലണ്ടൻ : ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടർ മൗസിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ അമേരിക്കൻ കമ്പ്യൂട്ടർ എൻജിനിയർ വില്യം ഇംഗ്ലീഷ് നിര്യാതനായി. ആധുനിക കമ്പ്യൂട്ടർ ലോകത്ത് അതുല്യ സംഭാവനകൾ നൽകിയ വില്യം ' ബിൽ ' എന്ന പേരിലും അറിയപ്പെടുന്നു. 91 കാരനായ വില്യം ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ജൂലായ് 26നാണ് അന്തരിച്ചത്.

സ്‌റ്റാൻഫോർഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് വില്യമും ഡഗ്ലസ് എംഗൽബർട്ടും ചേർന്നാണ് കമ്പ്യൂട്ടർ മൗസിന് രൂപം നൽകിയത്.

1968ൽ ഡഗ്ലസ് എംഗൽബർട്ടിന്റെ നേതൃത്വത്തിൽ ആധുനിക കമ്പ്യൂട്ടറിന്റെ വികസനത്തിൽ വഴിത്തിരിവായി മാറിയ ഓൺലൈൻ ടെക്സ്റ്റ് എഡിറ്റിംഗ്, ഹൈപ്പർടെക്സ്റ്റ് ലിങ്ക്സ്, ഗ്രാഫിക്കൽ യൂസർ ഇന്റർഫെയ്സസ് തുടങ്ങിയ ഒട്ടനവധി ആശയങ്ങൾ അവതരിപ്പിച്ച ' മദർ ഒഫ് ഓൾ ഡെമോസ് ' എന്ന കമ്പ്യൂട്ടർ ഡെമൻസ്ട്രേഷനിലൂടെയാണ് കമ്പ്യൂട്ടർ മൗസിന്റെ ആദ്യ പ്രൊട്ടോടൈപ്പ് വില്യം ഡിസൈൻ ചെയ്ത് അവതരിപ്പിച്ചത്. എംഗൽബർട്ട് അവതരിപ്പിച്ച ആശയങ്ങൾക്ക് പ്രാവർത്തികമാക്കിയത് വില്യമാണ്. എംഗൽബർട്ട് മൗസിന്റെ രേഖാചിത്രം വരച്ചപ്പോൾ വില്യമാണ് മൗസ് നിർമിച്ചത്.