അഹമ്മദാബാദ്: വഡോദര സെൻട്രൽ ജയിലിലെ 68 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവരിൽ 64 പേരെ വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ലാൽബാഗ് അതിഗ്രുയിലെ ഗസ്റ്റ്ഹൗസിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായ മറ്റ് നാല് തടവുകാരെ നഗരത്തിലെ എസ് എസ് ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇനിയും നിരവധി തടവുകാർക്ക് കൊവിഡുള്ളതായാണ് വിവരം. ഇവിടെ താമസിക്കുന്നവർക്കിടയിൽ സാമൂഹിക അകലം പാലിക്കാൻ സാധിക്കുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, കൊവിഡിനെതിരായി അഹമ്മദാബാദില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പുറമെ കൊവിഡിനെതിരെ നഗരത്തില്‍ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ പഠന വിധേയമാക്കാന്‍ ഡബ്ല്യു എച്ച് ഒ തീരുമാനിച്ചതായും ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാര്‍ച്ച് 19നാണ് ഗുജറാത്തിൽ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗബാധിതരായ രോഗികളെ കണ്ടെത്തുന്നതിന് മുനിസിപ്പല്‍ അധികൃതര്‍ വഴി നഗരങ്ങളില്‍ വീടുതോറുമുള്ള ആരോഗ്യ പരിശോധന നടത്തണമെന്ന് സർക്കാർ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ 61,000ത്തോളം പേരാണ് ഗുജറാത്തിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.