europe-football-champions

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഘട്ടവും മറികടന്ന് യൂറോപ്പിലെ പ്രധാന ദേശീയ ഫുട്ബാൾ ലീഗുകൾ എല്ലാം വിജയകരമായി കൊടിയിറങ്ങിയിരിക്കുന്നു. മൂന്ന് മാസത്തോളം കളികളില്ലാതിരുന്ന മൈതാനങ്ങളിൽ കാണികളും ഇല്ലാതെയാണ് അവസാനഘട്ട മത്സരങ്ങൾ നടന്നത്. സ്പെയ്നിൽ ഒഴികെ മിക്കയിടങ്ങളിലും ലോക്ക്ഡൗണിന് ശേഷം വലിയ അട്ടിമറികൾ ഒന്നും നടന്നില്ല. ഇംഗ്ലണ്ടിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം ലിവർപൂൾ കിരീടമുയർത്തിയപ്പോൾ ഇറ്റലിയിൽ യുവന്റസും ജർമ്മനിയിൽ ബയേൺ മ്യൂണിക്കും കിരീടക്കുതിപ്പ് തുടർന്നു. ഫ്രാൻസിൽ പി.എസ്.ജി പ്രഖ്യാപിത ചാമ്പ്യന്മാരായി. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലെ ഇൗ സീസണിലെ ചാമ്പ്യന്മാരെയും അവരുടെ പ്രകടനത്തെയും കുറിച്ച്....

ഇംഗ്ളീഷ് പ്രിമിയർ ലീഗ്

കാത്തിരിപ്പിനൊടുവിൽ ലിവർപൂൾ

മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രിമിയർ ലീഗിലെ കനക കിരീടം കയ്യിൽ കിട്ടാറായപ്പോഴാണ് ലോക്ക്ഡൗൺ വരുന്നത്. പിന്നീടൊരു മൂന്ന് മാസത്തെ കാത്തിരിപ്പും കൂടി. ജൂണിൽ ലീഗ് പുനരാരംഭിച്ചപ്പോൾ തന്നെ തങ്ങളുടെ കിരീടം ഉറപ്പാക്കുയായിരുന്നു ലിവർപൂൾ ചെയ്തത്.ജൂൺ 25ന് ലിവർപൂൾ ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചിരുന്നു. പിറ്റേന്ന് ചെൽസി രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കിയതോടെ കിരീ‌ടത്തിൽ ലിവർപൂളിന് എതിരില്ലാതെയായി.

ജർമ്മൻകാരനായ കോച്ച് യൂർഗൻ ക്ളോപ്പിന് കീഴിൽ സീസണിൽ 32 മത്സരങ്ങൾ ജയിച്ച ലിവർപൂൾ 99 പോയിന്റുമായാണ് 1990ന് ശേഷമുള്ള ആദ്യ കിരീടം ഏറ്റുവാങ്ങിയത്. മൂന്ന് കളികളിൽ വീതം തോൽവിയും സസമനിലയും വഴങ്ങി. നിലവിലെ ചാമ്പ്യന്മാരായിരുന്ന ലിവർപൂളിന് ലോക്ക്ഡൗണിന് മുമ്പ് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോ‌ട് തോൽക്കേണ്ടി വന്നതാണ് സീസണിലെ നഷ്ടം. യഥാക്രമം രണ്ട് മുതൽ നാലുവരെ സ്ഥാനങ്ങൾ നേടിയ മാഞ്ചസ്റ്റർ സിറ്റി,മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവർ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.

പോയിന്റ് ടേബിൾ

( ക്ളബ്,കളി ,ജയം,സമനില,തോൽവി, പോയിന്റ് എന്ന ക്രമത്തിൽ )

ലിവർപൂൾ 38-32-3-3-99

മാഞ്ച.സിറ്റി 38-26-3-9-81

മാഞ്ച.യുണൈ. 38-18-12-8-66

ചെൽസി 38-20-6-12-66

ലെസ്റ്റർ 38-18-8-12-62

19 ഗോളുകൾ നേടിയ സലായാണ് ലിവർപൂളിന്റെ ടോപ് സ്കോറർ. സാഡിയോ മാനേ 18 ഗോളുകൾ നേടി.23 ഗോളുകളുമായി ലെസ്റ്ററിന്റെ ജെറമി വാർഡി ലീഗിലെ ടോപ് സ്കോററായി.

സ്പാനിഷ് ലാ ലിഗ

റയലിന്റെ തിരിച്ചുവരവ്

ലോക്ക്ഡൗണിന് മുമ്പ് ഒന്നാം സ്ഥാനത്തായിരുന്ന ബാഴ്സലോണയെ മറികടന്നാണ് റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തുനിന്ന് കിരീടത്തിലേക്ക് എത്തിയത്. ലോക്ക്ഡൗണിന് ശേഷം ബാഴ്സ സമനിലകളിൽ കുരുങ്ങിയപ്പോൾ രണ്ട് പോയിന്റിന് പിന്നിലായിരുന്ന റയൽ അഞ്ചു പോയിന്റ് ലീഡിൽ തങ്ങളുടെ 34-ാം ലാ ലിഗ കിരീടത്തിൽ മുത്തമിട്ടു. പരിശീലകനായി സിനദിൻ സിദാൻ നേടുന്ന രണ്ടാമത്തെ ലാ ലിഗ കിരീടമാണിത്.നായകൻ സെർജിയോ റാമോസ്,സ്ട്രൈക്കർ കരിം ബെൻസേമ , മിഡ്ഫീൽഡർ ലൂക്കാ മൊഡ്രിച്ച് തുടങ്ങിയവരുടെ മികച്ച പ്രകടനവും റയലിന് തുണയായി.

26 വിജയങ്ങളാണ് സീസണിൽ റയൽ ആകെ നേടിയത്. രണ്ടാമതെത്തിയ ബാഴ്സലോണയ്ക്ക് 25 വിജയങ്ങളേ നേടാനായുള്ളൂ. 25 ഗോളുകളും 21അസിസ്റ്റുമായി ബാഴ്സയുടെ സൂപ്പർ താരം ലയണൽ മെസിയാണ് ലീഗിലെ ടോപ് സ്കോററർക്കുള്ള പിച്ചിച്ചി ട്രോഫി നേടിയത്.

പോയിന്റ് ടേബിൾ

( ക്ളബ്,കളി ,ജയം,സമനില,തോൽവി, പോയിന്റ് എന്ന ക്രമത്തിൽ )

റയൽ മാഡ്രിഡ് 38-26-9-3-87

ബാഴ്സലോണ 38-25-7-6-82

അത്‌ലറ്റിക്കോ 38-18-16-4-70

സെവിയ്യ 38-19-13-6-70

വിയ്യാറയൽ 38-18-6-14-60

ഇറ്റാലിയൻ സെരി എ

വിറച്ചിട്ടും വീഴാതെ യുവന്റസ്

ലീഗിന്റെ അവസാന ഘട്ടത്തിൽ തുടർച്ചയായി തോൽവികളും സമനിലകളും വഴങ്ങിയെങ്കിലും ഇറ്റാലിയൻ സെരി എയിലെ തുടർച്ചയായ ഒമ്പതാം കിരീടം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കൂട്ടരുടെയും കയ്യിലേക്ക് തന്നെ വന്നുചേർന്നു. കിരീടമുറപ്പിച്ച ശേഷമുള്ള രണ്ട് മത്സരങ്ങളിലും തോൽക്കേണ്ടിവന്നതും യുവയ്ക്ക് നാണക്കേടായി. 83 പോയിന്റുമായാണ് യുവന്റസ് കിരീടം ചൂടിയത്. പരിശീലകൻ മൗറീഷ്യോ സറി യുവന്റസിലെത്തിയ ശേഷമുള്ള ആദ്യ കിരീടമായിരുന്നു ഇത്.

ഒന്നാം സ്ഥാനക്കാർക്ക് മാറ്റമില്ലായിരുന്നുവെങ്കിലും രണ്ടും മൂന്നും സ്ഥാനക്കാർ ചാഞ്ചാടിയ ലീഗായിരുന്നു സെരി എ. ലോക്ക്ഡൗൺ സമയത്ത് രണ്ടാം സ്ഥാനത്തായിരുന്ന ലാസിയോ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതത്. ലാസിയോയെ മറികടന്ന് രണ്ടാമതെത്തിയിരുന്ന അറ്റലാന്റയെ അവസാന കളിയിൽ തോൽപ്പിച്ച് ഇന്റർ മിലാൻ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. 36 ഗോളുകൾ നേടിയ ലാസിയോ താരം സിറോ ഇമ്മൊബൈൽ യൂറോപ്പിലെ തന്നെ ഗോൾവേട്ടക്കാരനായി.

പോയിന്റ് ടേബിൾ

( ക്ളബ്,കളി ,ജയം,സമനില,തോൽവി, പോയിന്റ് എന്ന ക്രമത്തിൽ )

യുവന്റസ് 38-26-5-7-83

ഇന്റർ മിലാൻ 38-24-10-4-82

അറ്റലാന്റ 38-23-9-6-78

ലാസിയോ 38-24-6-8-78

എ.എസ് റോമ 38-21-7-10-70

ജർമ്മൻ ബുണ്ടസ് ലിഗ

ഇമ്മിണി ബല്യ ബയേൺ

ലോക്ക് ഡൗണിന് ശേഷം ആദ്യം പുനരാരംഭിച്ചത് ബുണ്ടസ് ലീഗയാണ്. കൊവിഡിന് മുന്നേ കിരീടം ഉറപ്പിച്ചിരുന്ന ബയേണിനെ വിറപ്പിക്കാൻ രണ്ടാം വരവിലും ആർക്കും കഴിഞ്ഞില്ല. 34 മത്സരങ്ങളിൽ നിന്ന് 82 പോയിന്റുമായാണ് ബയേണിന്റെ കിരീടധാരണം. സീസണിൽ 26 കളികളിൽ വിജയം നേടാൻ ബയേണിന് കഴിഞ്ഞു.രണ്ടാം സ്ഥാനക്കാരനായ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെക്കാൾ 13 പോയിന്റ് ലീഡിലെത്താൻ ബയേണിന് കഴിഞ്ഞു.ഇൗ സീസണിലെ ജർമ്മൻ കപ്പും നേടിയത് ബയേണാണ്.

34 ഗോളുകളുമായി മിന്നിത്തിളങ്ങിയ പോളിഷ് സ്ട്രൈക്കർ റോബർട്ടോ ലെവാൻഡോവ്സ്കിയാണ് കിരീടനേട്ടത്തിന്ചുക്കാൻ പിടിച്ചത്. യൂറോപ്പിലെ ഗോൾവേട്ടയിൽ രണ്ടാം സ്ഥാനക്കാരനായതും ലെവാൻഡോവ്സ്കിയാണ്. ബൊറൂഷ്യ ഡോർട്ട്മുണ്ടിനാണ് ലീഗിലെ രണ്ടാം സ്ഥാനം.

പോയിന്റ് ടേബിൾ

( ക്ളബ്,കളി ,ജയം,സമനില,തോൽവി, പോയിന്റ് എന്ന ക്രമത്തിൽ )

ബയേൺ 34-26-4-4-82

ബൊറൂഷ്യ 34-21-6-7-69

ലെയ്പ്സിഗ് 34-18-12-4-66

മോഷെംഗ്ളാബാഷ് 34-20-5-9-65

ലെവർകൂസൻ 34-19-6-9-63

ഫ്രഞ്ച് ലീഗ് വൺ

മൂന്നും നേടി പാരീസ് എസ്.ജി

കൊവിഡിനെത്തുടർന്ന് ഫ്രാൻസിൽ മത്സരങ്ങൾ പാതിവഴിയിൽ നിറുത്തിവച്ചപ്പോൾ പാരീസ് എസ്.ജിയെ ഇൗ സീസണിലെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.27 മത്സരങ്ങളിൽ 22 വിജയവും രണ്ട് സമനിലകളും മൂന്ന് തോൽവികളുമായി 68 പോയിന്റ് നേടി നിൽക്കുകയായിരുന്നു കൊവിഡ് ലീഗിന് കർട്ടനിട്ടത്.56 പോയിന്റ് നേടിയിരുന്നു മാഴ്സെയ്ക്കാണ് രണ്ടാം സ്ഥാനം നൽകിയത്. റെന്നെസ് മൂന്നാമതെത്തി.

ലീഗ് വൺ അവസാനിച്ചെങ്കിലും കഴിഞ്ഞ മാസം ഫ്രഞ്ച് കപ്പോടെ ഫ്രാൻസിൽ ഫുട്ബാൾ പുനരാരംഭിച്ചു. സെന്റ്.എറ്റിയേനിനെ ഫൈനലിൽ തോൽപ്പിച്ച് പി.എസ്.ജിയാണ് ഇൗ കിരീടവും നേടിയത്. കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗ് കപ്പ് ഫൈനലിൽ ഒളിമ്പിക് ലിയോണിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ച് കിരീടമണിഞ്ഞതും പി.എസ്.ജിയാണ്.സീസണിലെ നാലാം കിരീടം ലക്ഷ്യമിട്ട് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് ഇറങ്ങാൻ ഒരുങ്ങുകയാണ് നെയ്മറും സംഘവും.

പോയിന്റ് ടേബിൾ

( ക്ളബ്,കളി ,ജയം,സമനില,തോൽവി, പോയിന്റ് എന്ന ക്രമത്തിൽ )

പി.എസ്.ജി 27-22-2-3-68

മാഴ്സെ 28-16-8-4-56

റെന്നെസ് 28-15-5-8-50

ലില്ലെ 28-15-4-9-49

നീസ് 28-11-8-9-41

യൂറോപ്യൻ

ടോപ് ടെൻ

യൂറോപ്പ് വൻകരയിലെ ദേശീയ ലീഗുകളിൽ നിന്ന് ഏറ്റവും കൂടുൽ ഗോളുകൾ നേടിയ 10 താരങ്ങൾ ഇവരാണ്

36

സിറോ ഇമ്മൊബൈൽ

ലാസിയോ (ഇറ്റലി)

34

ലെവാൻഡോവ്സ്കി

ബയേൺ(ജർമ്മനി)

31

ക്രിസ്റ്റ്യാനോ റൊണാൾഡോ

യുവന്റസ് (ഇറ്റലി)

30

ഷോൺ വെയ്സ്മാൻ

വോൾവ്സ്ബർഗർ (ആസ്ട്രിയ)

29

എർലിംഗ് ഹാലാൻഡ്

സാൽസ്ബർഗ്/ ബൊറൂഷ്യ

(ആസ്ട്രിയ/ജർമ്മനി)

28

തിമോ വെർണർ

ലെയ്പ്സിഗ്(ജർമ്മനി)

25

ലയണൽ മെസി

ബാഴ്സലോണ(സ്പെയ്ൻ)

23

റൊമേലു ലുക്കാക്കു

ഇന്റർ മിലാൻ (ഇറ്റലി)

23

ജെറമി വാർഡി

ലെസ്റ്റർ (ഇംഗ്ളണ്ട്)

22

പിയറി ഒൗബമയാംഗ്

ആഴ്സനൽ(ഇംഗ്ളണ്ട്)

അടിച്ച ഗോളുകളുടെ എണ്ണം കണക്കാക്കിയുള്ള പട്ടികയാണിത്. ടോപ് ഫൈവ് ലീഗുകൾക്ക് പുറത്തുള്ളവർ അടിക്കുന്ന ഗോളുകൾക്ക് പോയിന്റ് കുറവായതിനാൽ ഗോൾഡൻ ഷൂ പുരസ്കാര പട്ടികയിൽ ഹാലൻഡും വെയ്സ്മാനും യഥാക്രമം ആറും ഒൻപതും സ്ഥാനങ്ങളിലാണ്. ഇമ്മൊബൈലിനാണ് ഗോൾഡൻ ഷൂ.