microsoft

ന്യൂഡൽഹി: ടിക് ടോക്കിന്റെ യു.എസിലെ പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ചർച്ച നടത്തിയ ശേഷം 2020 സെപ്തംബര്‍ 15നകം പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി സി.ഇ.ഒ സത്യ നാദെല്ല പ്രസ്താവനയിലൂടെ അറിയിച്ചു.

ടിക് ടോക്കിനെ മൈക്രോസോഫ്റ്റിന് വില്‍ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സിന് 45 ദിവസം അനുവദിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. നേരത്തെ, മൈക്രോസോഫ്റ്റിന് വില്‍പന നടത്താമെന്ന ആശയം തള്ളിയ ട്രംപ് അമേരിക്കയില്‍ ടിക് ടോക്കിനെ നിരോധിക്കാന്‍ ആലോചിക്കുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ ട്രംപും മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയും തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് മനംമാറ്റം. ട്രംപിന്റെ ചില ഉപദേഷ്ടാക്കളും നിരവധി പ്രമുഖ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും വില്‍പനയെ പിന്തുണയ്ക്കാന്‍ ട്രംപിനുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

'പ്രസിഡന്റിന്റെ ആശങ്കകള്‍ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം മൈക്രോസോഫ്റ്റ് പൂര്‍ണ്ണമായി വിലമതിക്കുന്നു. സമ്പൂര്‍ണ്ണ സുരക്ഷാ അവലോകനത്തിന് വിധേയമായി ടിക് ടോക്ക് ഏറ്റെടുക്കുന്നതിനും യുണൈറ്റഡ് ട്രഷറി ഉള്‍പ്പെടെ യു.എസിന് ശരിയായ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ഇത് പ്രതിജ്ഞാബദ്ധമാണ്'- മൈക്രോസോഫ്റ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. നിര്‍ദിഷ്ട കരാര്‍ പ്രകാരം, യു.എസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

ടിക് ടോക്കിന്റെ അമേരിക്കന്‍ ഉപയോക്താക്കളുടെ എല്ലാ സ്വകാര്യ ഡാറ്റയും അമേരിക്കയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും വ്യക്തമാക്കി. ഓഹരികള്‍ സ്വന്തമാക്കാന്‍ മൈക്രോസോഫ്റ്റ് മറ്റു അമേരിക്കന്‍ നിക്ഷേപകരെ ക്ഷണിച്ചേക്കും. അതേസമയം, ടിക് ടോക്കിനായി മൈക്രോസോഫ്റ്റ് എത്ര തുക നല്‍കുമെന്ന് വ്യക്തമല്ല.