cat-

കൊളംബോ : മയക്കുമരുന്ന് കടത്തിനിടെ പിടികൂടി ശ്രീലങ്കൻ ജയിലിൽ തടവിൽ പാർപ്പിച്ചിരുന്ന പൂച്ച ജയിലിൽ നിന്നും ചാടിപ്പോയി ! മയക്കുമരുന്ന് കള്ളക്കടത്തിന്റെ ഭാഗമായ പൂച്ച സെൽ ഫോൺ സിമ്മുകളും മയക്കുമരുന്നും ജയിലിനുള്ളിലെ തടവുകാർക്ക് നൽകാൻ എത്തിയപ്പോഴാണ് അധികൃതരുടെ വലയിലായത്. ശ്രീലങ്കയിലെ ഏറ്റവും വലുതും ഹൈസെക്യൂരിറ്റി ജയിലുമായ വെലികാഡാ ജയിലിൽ നിന്നുമാണ് പൂച്ച ചാടിപ്പോയത്.

ശനിയാഴ്ചയാണ് ജയിൽ വളപ്പിനുള്ളിൽ പ്രവേശിച്ച പൂച്ചയെ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. രണ്ട് ഗ്രാം ഹെറോയിനും രണ്ട് മെമ്മറി കാർഡുകളും ഒരു മൈക്രോ ചിപ്പും അടങ്ങിയ പ്ലാസ്‌റ്റിക് ബാഗ് കഴുത്തിൽ തൂക്കിയ നിലയിലാണ് പൂച്ചയെ കണ്ടെത്തിയത്. എന്നാൽ ഞായറാഴ്ചയാണ് പൂച്ച അതിനെ പാർപ്പിച്ചിരുന്ന സെല്ലിൽ നിന്നും രക്ഷപ്പെട്ടത്. സംഭവത്തിൽ ജയിൽ അധികൃതർ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ കുറേ ആഴ്ചകളായി ജയിലിന്റെ മതിലുകൾക്ക് പുറത്ത് നിന്നും ആളുകൾ മയക്കുമരുന്ന് പായ്ക്കറ്റുകളും ഫോണും ചാർജറുകളും മറ്റും എറിഞ്ഞ് നൽകുന്നതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. ജീവികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തുന്ന കേസ് ശ്രീലങ്കയിൽ വർദ്ധിച്ചു വരികയാണ്. മയക്കുമരുന്ന് വിതരണം ചെയ്യാൻ മാഫിയ സംഘങ്ങൾ ഉപയോഗിച്ചിരുന്ന ഒരു പരുന്തിനെ കഴിഞ്ഞാഴ്ച കൊളംബോയിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. ഈ സംഘം തന്നെയാകാം പൂച്ചയ്ക്കും മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള പരിശീലനം നൽകിയതെന്നാണ് പൊലീസിന്റെ നിഗമനം.

അൻഗോഡ ലോക്ക എന്ന മാഫിയ തലവന്റെ സംഘമാണ് മൃഗങ്ങളെ ഉപയോഗിച്ചുള്ള മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരന്മാർ എന്നാണ് വിവരം. ഇയാൾ കഴിഞ്ഞ മാസം ആദ്യം ഒളിവിൽ കഴിയുന്നതിനിടെ മരിച്ചിരുന്നു. ലോക്കയുടെ മൃതദേഹം അനധികൃതമായി സംസ്കരിക്കുന്നതിനിടെ രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് കടത്തിയെന്ന പേരിൽ മൃഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിനോ മറ്റോ നിയമം ഇല്ലെങ്കിലും മയക്കുമരുന്ന് സംഘത്തെ കണ്ടെത്തുന്നതിന് സഹായകമാകും എന്നതിനാലാണ് അധികൃതർ പൂച്ചയെ ജയിലിൽ തന്നെ തടഞ്ഞുവച്ചിരുന്നത്. ജയിൽ ജീവനക്കാർ ആഹാരം നൽകാനെത്തിയപ്പോഴാണ് പൂച്ച സെല്ലിൽ നിന്നും പുറത്തുചാടി രക്ഷപ്പെട്ടത്.