covidd

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 801 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് വന്നവർ 55 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ 85 പേർക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഹെൽത്ത് വർക്കർമാർ 15 ആണ്. കെഎസ്‌സി 6. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം 40 ആണ്. രോഗമുക്തിയുണ്ടായവരുടെ എണ്ണം 815 ആണ്.

സംസ്ഥാനത്ത് തിരുവനന്തപുരം സ്വദേശി ക്ളീ‌റ്റസ്(68) ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ(52) എന്നിവർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 506 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള‌ളത്. കൊവിഡ് പോസി‌റ്റീവായവരുടെ ജില്ല തിരിച്ചുള‌ള കണക്ക് തിരുവനന്തപുരം 205, എറണാകുളം 106,ആലപ്പുഴ 101,മലപ്പുറം -തൃശൂർ 85, കാസർഗോഡ് 66, പാലക്കാട് 59, കൊല്ലം 57,കണ്ണൂർ 37, പത്തനംതിട്ട 36,കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26 എന്നിങ്ങനെയാണ്. സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള‌ളത് 11,484 പേരാണ്.24 മണിക്കൂറിനിടെ 19,343 സാമ്പിളുകൾ പരിശോധിച്ചു. 1,43,251 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള‌ളത്. ആശുപത്രികളിലുള‌ളത് 10,779 പേ‌ർ. 4,00029 സാമ്പിളുകൾ ഇതുവരെ പരിശോധനക്ക് അയച്ചു. ഇതിൽ 3926 സാമ്പിളുകളുടെ ഫലം വരാനുണ്ട്.

സെന്റിനൽസ് സർവൈലൻസിന്റെ ഭാഗമായി സാമൂഹിക സമ്പർക്കം അധികമായുള‌ളവർ,ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ എന്നിവരിൽ നിന്ന് ശേഖരിച്ച 1,27,233 സാമ്പിളുകളിൽ നിന്ന് 1254 എണ്ണം നെഗ‌റ്രീവായി. സംസ്ഥാനത്ത് ആകെ 174 ക്ളസ്‌റ്ററുകൾ.

രോഗവ്യാപനം കൂടുന്നതിനാൽ കൂടുതൽ ജാഗ്രത വേണം. ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവർ‌ പുറത്തിറങ്ങിയാൽ കർശന നടപടിയുണ്ടാകും. ഇവിടെ അവശ്യ സാധനങ്ങൾ എത്തിക്കാൻ നടപടിയെടുക്കും. കൊവിഡ് സുരക്ഷക്കുള‌ള പൊലീസ് നടപടികൾ കർശനമാക്കി. ജില്ലാ പൊലീസ് മേധാവികൾക്കാണ് ഇതിന്റെ ചുമതലയുണ്ടാകുക. മാർക്ക‌റ്റുകളിലും പൊതു സ്ഥലങ്ങളിലും ആളുകളുടെ അകലം ഉറപ്പാക്കാൻ പൊലീസ് നിരീക്ഷണമുണ്ടാകും. സമ്പർക്കത്തിലുള‌ളവരെ കണ്ടെത്താൻ അന്വേഷണ സംഘമുണ്ടാകും. പൊലീസ് ആസ്ഥാനം ഏതാനും ദിവസത്തേക്ക് ഭാഗികമായി അടച്ചിടുകയാണ്. എന്നാൽ ഇത് പൊലീസിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. അണുനശീകരണം പൂർത്തിയായാൽ ആസ്ഥാനം പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും.

തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കൊല്ലം ജില്ലാ ജയിലിൽ അന്തേവാസികൾക്ക് പനി ലക്ഷണം കണ്ട് പരിശോധിച്ചു, 57 പേർ‌ക്ക് കൊവിഡ് പോസി‌റ്റീവായി. ആലുവ, പശ്ചിമ കൊച്ചി ക്ളസ്‌റ്ററിൽ സ്ഥിതി ഗുരുതരമാണ്. 51 ക്ളസ്‌റ്ററുകളിൽ നില മാറ്റമില്ല. കണ്ടെയിൻമെന്റ് സോണുകൾ നിശ്ചയിക്കുന്ന രീതി പോലീസിന് തീരുമാനിക്കാം. ഒരു വാർഡ് മുഴുവൻ അടച്ചിടേണ്ടതില്ല. പ്രൈമറി സെക്കന്ററി സമ്പർക്കമുള‌ളവർ താമസിക്കുന്നയിടവും കണ്ടെയിൻമെന്റ് സോണാണ്. സമ്പർക്കപട്ടികയിലുള‌ളവർ നെഗ‌റ്രീവായാലേ കണ്ടെയിൻമെന്റ് സോൺ അല്ലാതാകൂ.