sha

ശ്രീനഗർ: കാശ്‌മീരിലെ കുൽഗാമിൽ ടെറിട്ടോറിയൽ ആർമി ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയി. 162 ബറ്റാലിയന്റെ ഭാഗമായിരുന്ന ഷക്കീർ മൻസൂർ എന്ന ജവാനെയാണ് കടത്തിക്കൊണ്ടുപോയത്. ഇദ്ദേഹത്തിന്റെ വാഹനം തെക്കൻ കാശ്‌മീരിലെ കുൽഗാമിൽ റംഭാമ മേഖലയിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഷോപ്പിയാൻ സ്വദേശിയായ മുസാഫർ മൻസൂറിന്റെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഷോപിയാനിലാണ് ജവാൻ ഷക്കീർ ജോലിചെയ്തിരുന്നത്. ഈദ് ആഘോഷങ്ങൾക്കായി അവധിയെടുത്തിരുന്ന ഷക്കീറിനെ, ഷോപ്പിയാനിൽ നിന്ന് കുൽഗാമിലേക്കുള്ള യാത്രാമദ്ധ്യേയാണ് കാണാതായതെന്നാണ് വിവരം. ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം നടന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളാരും ഏറ്റെടുത്തിട്ടില്ല. സ്ഥലത്തേക്ക് കൂടുതൽ സൈന്യം എത്തിയിട്ടുണ്ട്. തെരച്ചിൽ തുടരുകയാണ്. നേരത്തേയും കാശ്‌മീരിൽ ഭീകരർ ജവാന്മാരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. കുറച്ചുമാസങ്ങളായി കാശ്‌മീരിൽ ഭീകരർക്കെതിരായ സൈനിക നടപടികൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. കൊടും ഭീകരർ ഉൾപ്പടെ നിരവധിപ്പേരെ വധിക്കുകയും മറ്റുചിലരെ പിടികൂടുകയും ചെയ്തു. വൻ ആയുധശേഖങ്ങൾ പിടികൂടുകയും ആക്രമണ പദ്ധതികൾക്ക് തടയിടുകയും ചെയ്തിട്ടുണ്ട്.