കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് സിബി മലയില്‍. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി സിനിമകളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്. തന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്ന് പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം ഇപ്പോൾ.
ഈ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അനേകം പേരില്‍ നിന്നും ഏറ്റവുമധികം തവണ എനിക്കു നേരിടേണ്ടി വന്ന ചോദ്യമാണ് മോഹന്‍ലാല്‍ - സിബി മലയില്‍ കൂട്ടുകെട്ടില്‍ ഇനി എന്നാണ് ഒരു സിനിമ എന്നത് . കൃത്യമായ ഉത്തരം എന്റെ പക്കലില്ല. അങ്ങനെ സംഭവിക്കണം എന്ന് ആഗ്രഹിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കില്‍ ആര്‍ക്കാണ് അങ്ങനെ ആഗ്രഹിക്കാതിരിക്കാനാവുക. ഒരു സംവിധായകന്‍ എന്ന നിലയില്‍ അതിനേക്കാള്‍ ആഹ്ലാദകരമായ മറ്റെന്താണ് എനിക്കു ആഗ്രഹിക്കാനുള്ളത്. തീര്‍ച്ചയായും മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ വിപണന മൂല്യത്തേക്കാള്‍ എന്നെ മോഹിപ്പിക്കുന്നത് മോഹന്‍ലാല്‍ എന്ന സൂപ്പര്‍ ബ്രില്യന്റ് ആക്ടറുടെ അപാര സാധ്യതകള്‍ തന്നെയാണ്.
മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറവും പുതുതലമുറ പ്രേക്ഷര്‍ക്കിടയില്‍ പോലും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ' ദശരഥ' ത്തിലെ രാജീവ് മേനോന്റെ വര്‍ത്തമാനകാല ജീവിത വഴികളിലൂടെയുള്ള ഒരന്വേഷണം എന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ്. ആ വഴിയിലൊരു ശ്രമം പൂര്‍ണ തിരക്കഥയുമായി ഞാന്‍ നാലു വര്‍ഷം മുന്‍പ് നടത്തിയിരുന്നു. ലാലിന്റെ വാക്കുകള്‍ തന്നെ കടമെടുത്തു പറയട്ടെ, 'നല്ലതൊക്കെയും സ്വയം സംഭവിക്കയാണ് ചെയ്യുക'. ഇതും നല്ലതാണെങ്കില്‍ സംഭവിക്കുക തന്നെ ചെയ്യും എന്ന് ആഗ്രഹിക്കാനും വിശ്വസിക്കാനുമാണ് എനിക്കിഷ്ടം.