pic

ഇസ്ലാമാബാദ്:ചാരവൃത്തി ആരോപിച്ച് പാകിസ്ഥാനിൽ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന് അഭിഭാഷകനെ നിയമിക്കാൻ ഇന്ത്യയ്ക്ക് പാകിസ്ഥാൻ ഹൈക്കോടതിയുടെ അനുമതി. 2017ൽ പാകിസ്ഥാൻ സൈനിക കോടതി വിധിച്ച വധ ശിക്ഷയ്ക്കെതിരെ നൽകിയിരുന്ന പുനഃപരിശോധന ഹർജിയിലാണ് ഹെെക്കോടതിയുടെ നിർദേശം. അഭിഭാഷകൻ പാകിസ്ഥാൻ പൗരനായിരിക്കണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു.


അഭിഭാഷകനെ നിശ്ചയിക്കുന്നതിന് ഇന്ത്യൻ സർക്കാരിനും കുല്‍ഭൂഷണ്‍ ജാദവിനും മറ്റൊരു അവസരം നൽകണമെന്ന് കോടതി പറഞ്ഞു. പാകിസ്ഥാൻ അന്താരാഷ്‌ട്ര കോടതിയുടെ നീതിയും പുനരവലോകനവും പുനഃപരിശോധനയും എന്ന ഓർഡിനൻസ് നടപ്പാക്കി ദിവസങ്ങൾക്കുള്ളിലാണ് ജാദവ് കേസിൽ ഇന്ന് വാദം കേട്ടത്. ഈ ഓർഡിനൻസ് പ്രകാരം പാകിസ്ഥാൻ സൈനിക കോടതിയുടെ തീരുമാനം പുനഃപരിശോധനയ്ക്കായി ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അപേക്ഷിക്കാനാവും. പ്രതിപക്ഷ എതിർപ്പിനിടയിൽ കഴിഞ്ഞ ആഴ്ചയാണ് പാകിസ്ഥാൻ സർക്കാർ ഇതു സംബന്ധിക്കുന്ന ഓർഡിനൻസ് പാസാക്കിയത്. ചാരവൃത്തി ആരോപിച്ച് 2017-ലാണ് വിരമിച്ച ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിക്കുന്നത്. എന്നാൽ പാകിസ്ഥാന്റെ ആരോപണം ഇന്ത്യ ആദ്യം മുതൽക്കെ നിഷേധിച്ചിരുന്നു.