fish

തിരുവനന്തപുരം: വല നിറയെ മീനുമായെത്തുന്ന ബോട്ടുകളിൽ വാശിയോടെ നടക്കുന്ന പതിവ് ലേലം വിളിക്ക് വിരാമം. ട്രോളിംഗ് നിരോധനത്തിന് ശേഷം നാളെ സംസ്ഥാനത്ത് മത്സ്യബന്ധനം പുനഃരാരംഭിക്കുമ്പോൾ മീൻ ലേലം പൂ‌ർണമായി ഒഴിവാക്കും. ഇടനിലക്കാർ ഒഴിയുന്നതോടെ മീനിന് ന്യായവില ലഭിക്കുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.

കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ലേലം ഒഴിവാക്കിയത്. എന്നാൽ, ലേലം ഒഴിവാക്കണമെന്നത് മത്സ്യത്തൊഴിലാളികളുടെ ദീർഘനാളായുള്ള ആവശ്യമാണ്. ഹാർബറുകളിൽ മാനേജ്‌മെന്റ് സൊസൈറ്റികളും,​ ലാൻഡിംഗ് സെന്ററുകളിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരടങ്ങിയ ജനകീയ കമ്മിറ്റികളുമാകും വില നിശ്ചയിക്കുക. ഇടനിലക്കാർ കൈയടക്കിയ വിപണനം തിരിച്ചുപിടിച്ച് ന്യായവില ഉറപ്പാക്കാമെന്നാണ് മത്സ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പും കരുതുന്നത്.

ഉയർന്ന തുക നേരിട്ട്

മീനിന്റെ വില ഇടനിലക്കാരായിരുന്നു മുമ്പ് നിശ്ചയിക്കുന്നത്. ഹാർബറുകളിലെ വൻ ശക്തികളായ ഇവരെ എതിർക്കാൻ മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞിരുന്നില്ല. ഇത്തരക്കാരിൽ നിന്ന് പണം പലിശയ്‌ക്ക് വാങ്ങാറുള്ളതിനാൽ മീൻ നൽകിയാലും തൊഴിലാളികൾക്ക് അധികം പണം നൽകിയിരുന്നില്ല. ജനകീയ കമ്മിറ്റികൾ വില നിശ്ചയിക്കുമ്പോൾ ഉയർന്ന തുക നേരിട്ട് മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കും. ലോക്ക് ഡൗണിൽ മത്സ്യഫെഡിന്റെ നേതൃത്വത്തിലാണ് ലേലം നടത്തി മീൻ വിറ്റത്. ഇതിനെതിരെ തിരുവനന്തപുരത്ത് ചെറിയ പ്രതിഷേധങ്ങളുണ്ടായെങ്കിലും മറ്റിടങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

''

മത്സ്യലേലത്തിലുള്ള ഇടനിലക്കാരുടെ കൈകടത്തൽ കുറയ്‌ക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. നിയന്ത്രണം മത്സ്യഫെഡിന്റെ കീഴിലാകുമ്പോൾ തൊഴിലാളികൾക്ക് വായ്പ അടക്കമുള്ള സാമ്പത്തിക പിന്തുണ നൽകാനും അധികൃതർ തയ്യാറാകണം".

- ടി. പീറ്റർ

നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി