pic

ന്യൂഡൽഹി:അയോദ്ധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽ വെളളിയിൽ തീർത്ത വെറ്റിലകളും ഉൾപ്പെടും. വെളളിയിൽ തീർത്ത അഞ്ച് വെറ്റിലകളാണ് വാരണാസിയിലെ ചൗരാസിയ സമുദായത്തിലുളളവർ ഇതിനായി നൽകിയത്. കാശിയിലെ ചൗരാസിയ സമുദായ നേതാവ് നാഗേശ്വർ ചൗരാസിയ, ബുദ്ധമത വിദഗ്ദ്ധരുടെയും വേദ, ജ്യോതിഷ പണ്ഡിതന്മാരുടെയും സംഘടനയായ വിദ്വത് പരിഷത്തിലെ അംഗങ്ങൾക്ക് ഇത് കെെമാറി. ഹെെന്ദവ പൂജാ ചടങ്ങുകൾക്ക് ഏറെ പ്രാധാന്യമുളള ഒന്നാണ് വെറ്റിലകൾ.

ഇവർ ഇതുമായി ഇന്ന് വാരണാസിയിൽ നിന്നും അയോദ്ധ്യയിലേക്ക് തിരിക്കും. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങായ ഭൂമി പൂജയുടെ ആചാരാനുഷ്ഠാനങ്ങളുടെ മേൽനോട്ടം പണ്ഡിതന്മാർ നടത്തും. ഇരുമ്പോ മറ്റു ലോഹങ്ങളോ ഉപയോഗിക്കാതെ കല്ലുകൊണ്ട് മാത്രമാകും രാമക്ഷേത്രം നിർമിക്കുക. ക്ഷേത്രം കേടുപാടുകൾ കൂടാതെ ഏറെ നാൾ നിലനിൽക്കുന്നതിന് വേണ്ടിയാണ് കല്ലിൽ മാത്രം നിർമിക്കുന്നത്. ഇതോടൊപ്പം തടി, കുമ്മായം എന്നിവയും ഉപയോഗിക്കും.

ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തും. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, ഹെെന്ദവ പണ്ഡിതന്മാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.