ന്യൂയോർക്ക്: ആഗോളതലത്തിൽ വൻ സ്വീകാര്യതയുള്ള പ്രമുഖ ചൈനീസ് ചെറു വീഡിയോ ആപ്പായ ടിക് ടോക്കിന്റെ അമേരിക്കൻ ബിസിനസ് സ്വന്തമാക്കാനുള്ള ചർച്ചകൾക്ക് തുടക്കമിട്ട് മൈക്രോസോഫ്റ്ര്. അമേരിക്കൻ പൗരന്മാരുടെ വിശദാംശങ്ങൾ ചൈനീസ് മൊബൈൽ ആപ്പായ ടിക് ടോക്ക് ശേഖരിക്കുന്നത്, രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ടിക് ടോക്കിനെ നിരോധിക്കുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ ആഗോളതലത്തിൽ 200 കോടി ഡൗൺലോഡുകൾ നേടിയ ടിക് ടോക്കിന് അമേരിക്കയിലും വൻ സ്വീകാര്യതയുണ്ട്. ഇതു പരിഗണിച്ചാണ് അമേരിക്കയിലെ ടിക് ടോക്ക് ബിസിനസ് ഏറ്റെടുക്കാൻ മൈക്രോസോഫ്റ്ര് ശ്രമിക്കുന്നത്. മൈക്രോസോഫ്റ്ര് സി.ഇ.ഒ സത്യ നദേല, ഇതു സംബന്ധിച്ച് ടിക് ടോക്ക് ഉടമകളായ ബൈറ്ര് ഡാൻസുമായും പ്രസിഡന്റ് ട്രംപുമായും ചർച്ച നടത്തിയിട്ടുണ്ട്. ഏറ്റെടുക്കൽ തീരുമാനം വൈകിയേക്കില്ല.
ടിക് ടോക്ക് അമേരിക്കയ്ക്ക് കണക്കാക്കുന്ന മൂല്യം 1,500 മുതൽ 3,000 കോടി ഡോളർ വരെയാണ്. അതായത്, 2.25 ലക്ഷം കോടി രൂപവരെ. അമേരിക്കയ്ക്ക് പുറമേ ന്യൂസിലൻഡ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലെ ടിക് ടോക്കും മൈക്രോസോഫ്റ്ര് വാങ്ങിയേക്കും. മറ്ര് നൂറിലധികം രാജ്യങ്ങളിൽ ടിക് ടോക്കിന്റെ പ്രവർത്തനം ബൈറ്ര് ഡാൻസിന്റെ കീഴിൽ തുടരും.