ക്വാലാലംപൂർ : ആറ് ദിവസം മുമ്പ് കാണാതായ കൗമാരക്കാരന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കൂറ്റൻ മുതലയുടെ ശരീരത്തിനുള്ളിൽ നിന്നും കണ്ടെത്തി. മലേഷ്യയിലെ റ്റാൻജുംഗ് മാനിസിലാണ് സംഭവം. ഇവിടെ പുഴക്കരയിൽ നില്ക്കവെയാണ് കുട്ടിയെ മുതല ആക്രമിച്ചത്. വെള്ളത്തിനടിയിൽ നിന്നും കുതിച്ചെത്തിയ മുതല കുട്ടിയുടെ കാലിൽ കടിച്ചെടുത്ത് നദിയുടെ അടിത്തട്ടിലേക്ക് ഊളിയിട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു.
രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിനൊടുവിൽ കുട്ടിയെ കാണാതായി എന്ന് പറയപ്പെടുന്ന സ്ഥലത്ത് നിന്നും 2 മൈൽ അകലെ 15 അടി നീളമുള്ള കൂറ്റൻ മുതലയെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ജൂലായ് 26നാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
കുട്ടിയെ മുതല കടിച്ചു കൊണ്ടുപോയതായി കുട്ടിയുടെ അമ്മായിയാണ് മൊഴി നൽകിയത്. തിരച്ചിലിനൊടുവിൽ സാഹസികമായി പിടികൂടിയ കൂറ്റൻ മുതലയെ പൊലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ കീറി മുറിച്ച് പരിശോധന നടത്തുകയായിരുന്നു.
മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങളും വസ്ത്രവും മുതലയുടെ ശരീരത്തിനുള്ളിൽ നിന്നും കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. ഇത് 14 കാരന്റേത് തന്നെയാണെന്നാണ് നിഗമനം. വസ്ത്രങ്ങൾ മാതാപിതാക്കൾ കുട്ടിയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശരീര ഭാഗങ്ങൾ വിദ്ഗദ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.