കൊച്ചി: കൊവിഡ് സൃഷ്ടിച്ച കടുത്ത സാമ്പത്തികമാന്ദ്യം മൂലം ഈവർഷം ആഗോളതലത്തിൽ പ്രവാസിപ്പണമൊഴുക്കിൽ 10,860 കോടി ഡോളറോളം ഇടിവുണ്ടായേക്കാമെന്ന് ഏഷ്യൻ വികസന ബാങ്കിന്റെ (എ.ഡി.ബി) റിപ്പോർട്ട്. പ്രവാസി/കുടിയേറ്റ തൊഴിലാളികളെ കൊവിഡ് വ്യാപനം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുക മാത്രമല്ല, ആഗോളതലത്തിൽ ഒട്ടേറെ പേർക്ക് തൊഴിലും നഷ്ടമായി. ഒട്ടേറെപ്പേരുടെ ശമ്പളവും വെട്ടിക്കുറയ്ക്കപ്പെട്ടു.
കൊവിഡ് ഇല്ലായിരുന്നെങ്കിൽ ഈ വർഷം ലഭിക്കേണ്ടിയിരുന്ന മൊത്തം പ്രവാസിപ്പണത്തിന്റെ 18.3 ശതമാനമാണ് നഷ്ടമാകുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയുൾപ്പെടുന്ന ദക്ഷിണേഷ്യയാകും ഏറ്റവുമധികം ഇടിവ് രേഖപ്പെടുത്തുക. പ്രവാസിപ്പണമൊഴുക്കിൽ തുടർച്ചയായി ഒന്നാംസ്ഥാനം അലങ്കരിക്കുന്ന രാജ്യമാണ് ഇന്ത്യ. ദക്ഷിണേഷ്യ ഈ വർഷം 2,860 കോടി ഡോളറിന്റെ നഷ്ടമാകും രേഖപ്പെടുത്തുക. 2018ൽ ലഭിച്ച മൊത്തം പണത്തിന്റെ 24.7 ശതമാനം വരുമിത്.
മദ്ധ്യേഷ്യ 340 കോടി ഡോളറിന്റെയും ദക്ഷിണ-പൂർവേഷ്യ 1,170 കോടി ഡോളറിന്റെയും നഷ്ടം നേരിടും. പ്രവാസി ഇന്ത്യക്കാർ ഏറ്റവുമധികമുള്ള ഗൾഫ് മേഖലയിൽ നിന്നുള്ള പണമൊഴുക്ക് 2,250 ഡോളർ കുറയും. ഏഷ്യയുടെ മൊത്തം നഷ്ടത്തിന്റെ 41.4 ശതമാനവും ഗൾഫിൽ നിന്നായിരിക്കും. അമേരിക്കയിൽ നിന്നുള്ള പ്രവാസിപ്പണത്തിലുണ്ടാവുന്ന കുറവ് 2,050 കോടി ഡോളറാണ്. മൊത്തം പണമൊഴുക്കിന്റെ 37.9 ശതമാനമാണിത്.
കേരളത്തിന് ക്ഷീണം
ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേരിടുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽ, 19-20 ശതമാനവും ഒഴുകുന്നത് കേരളത്തിലേക്കാണ്. 2018ൽ 85,092 കോടി രൂപയാണ് കേരളം നേടിയ പ്രവാസിപ്പണം. 2020ലെ പ്രവാസിപ്പണമൊഴുക്കിൽ കേരളം 30,000 കോടി രൂപവരെ നഷ്ടം നേരിട്ടേക്കുമെന്നാണ് വിലയിരുത്തലുകൾ.
₹30,000 കോടി നഷ്ടം
2019ൽ ഇന്ത്യയിലേക്ക് എത്തിയ പ്രവാസിപ്പണമായ 8,300 കോടി ഡോളറിന്റെ 19 ശതമാനം കണക്കാക്കിയാൽ, കേരളം നേടിയത് 1.20 ലക്ഷം കോടി രൂപ (മൂല്യം ഡോളറിനെതിരെ 76 എന്നപ്രകാരം). ഈവർഷം ഇന്ത്യയിൽ 6,300 കോടി ഡോളറേ എത്തൂ എന്ന് ലോകബാങ്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഇതു പരിഗണിച്ചാൽ, കേരളത്തിന് ഈ വർഷം പ്രതീക്ഷിക്കാവുന്നത് 90,000 കോടി രൂപയാണ്. നഷ്ടം 30,000 കോടി രൂപ.
പണമൊഴുക്കിന്റെ
തടസങ്ങൾ
1. പ്രവാസി ഇന്ത്യക്കാർ ഏറ്റവുമധികമുള്ള ഗൾഫ് രാജ്യങ്ങൾ, എണ്ണവില ഇടിവുമൂലം 2014 മുതൽ വരുമാനക്കമ്മി നേരിടുന്നു.
2. ആഗോള സമ്പദ്മാന്ദ്യത്തിനും ക്രൂഡ് വിലത്തകർച്ചയ്ക്കും പിന്നാലെ കൊവിഡിന്റെ താണ്ഡവം
3. ഗൾഫ് സ്വകാര്യ കമ്പനികൾ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു
4. കുറഞ്ഞത് 20% പേർ തൊഴിൽ നഷ്ട ഭീതിയിൽ
5. സ്വദേശിവത്കരണം വഴി പല ഗൾഫ് രാജ്യങ്ങളും വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു.
7. ഒമാൻ 80 തൊഴിൽ മേഖലകളിൽ വിദേശികളെ വിലക്കി
8. കൊവിഡ് ഭീതിമൂലം നല്ലൊരു പങ്ക് പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നു
26.9%
ഏറ്റവുമധികം പ്രവാസി മലയാളികളുള്ള യു.എ.ഇയിൽ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതൽ പ്രവാസിപ്പണം എത്തുന്നത്; 26.9 ശതമാനം. മുന്നിലുള്ള മറ്റു പ്രമുഖ രാജ്യങ്ങളും വിഹിതവും:
അമേരിക്ക : 22.9%
സൗദി : 11.6%
ഖത്തർ : 6.5%
കുവൈറ്ര് 5.5%
വിദേശ ഇന്ത്യക്കാർ
(രാജ്യവും എണ്ണവും)
അമേരിക്ക : 44.6 ലക്ഷം
യു.എ.ഇ : 31 ലക്ഷം
മലേഷ്യ : 29.9 ലക്ഷം
സൗദി : 28.1 ലക്ഷം
മ്യാൻമർ : 20.1 ലക്ഷം
പ്രവാസിപ്പണം
(ഇന്ത്യ നേടിയത് - തുക കോടിയിൽ)
2016 : $6,270
2017 : $6,530
2018 : $7,861
2019 : $8,300