മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണത്തിൽ മുംബയ് പൊലീസ് സഹകരിക്കുന്നില്ലെന്ന് പരാതിപ്പെട്ട ബിഹാർ പൊലീസ് ഉദ്യോഗസ്ഥൻ വിനയ് തിവാരിയ്ക്ക് നിർബന്ധിത ക്വാറന്റൈൻ. അന്വേഷണത്തിന്റെ ഭാഗമായി മുംബയിലെത്തിയ തിവാരിയെ ഗുർഗാവിലെ ഒരു ഗസ്റ്റ് ഹൗസിലെ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കടുത്ത വിയോജിപ്പ് അറിയിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി എത്തിയ ഉദ്യോഗസ്ഥനെ ക്വാറന്റൈനിലാക്കിയത് തികച്ചും തെറ്റായ നടപടിയാണെന്നും ഇതിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ലെന്നും നിതീഷ് കുമാർ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുംബയ് വിമാനത്താവളത്തിലെ പുതിയ നിയമപ്രകാരമാണ് തിവാരിയെ ക്വാറന്റൈനിലാക്കിയതെന്നാണ് മുംബയ് പൊലീസിന്റെ വിശദീകരണം.
അതേസമയം, തങ്ങൾക്ക് പോസ്റ്റുമോർട്ടം, ഫോറൻസിക് റിപ്പോർട്ടോ സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളോ വീഡിയോയോ കൈമാറാൻ മുംബയ് പൊലീസ് തയാറാകുന്നില്ലെന്ന് ബിഹാർ ഡി.ജി.പി ഗുപ്തേശ്വർ പാണ്ഡെ പറഞ്ഞു. ഇതിനിടെ കേസ് അട്ടിമറിക്കാൻ മുംബയ് പൊലീസ് ശ്രമിക്കുന്നതായുള്ള ആരോപണങ്ങളും ശക്തമാകുന്നുണ്ട്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിൽ നിന്നും 40 ഓളം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കേസിൽ എൻഫോഴ്സ്മെന്റ് കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ ജൂൺ 14നാണ് ബാന്ദ്രയിലെ വീട്ടിൽ സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഓർമ്മചിത്രങ്ങളുമായി സഹോദരി
രക്ഷാബന്ധൻ ദിനത്തിൽ തന്റെ സഹോദരന്റെ ഓർമ്മചിത്രങ്ങൾ പങ്കുവച്ച് സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കൃതി. 'നീ എന്നും ഞങ്ങളുടെ അഭിമാനമായിരുന്നു കുഞ്ഞേ' എന്നാണ് ശ്വേത കുറിച്ചത്. സഹോദരിമാർ ചേർന്ന് സുശാന്തിന്റെ കൈയിൽ രാഖി കെട്ടുന്ന ചിത്രത്തിൽ സുശാന്തിന്റെ അമ്മയുമുണ്ട്.