മെക്സിക്കോ സിറ്റി : മെക്സിക്കോയിലെ ഇഗ്വാല നഗരത്തിൽ റെസ്‌റ്റോറന്റിൽ വച്ച് മാദ്ധ്യമപ്രവർത്തകനെ അക്രമി സംഘം വെടിവച്ചു കൊന്നു. പാബ്ലോ മോറുഗെറെസ് എന്നയാളാണ് കൊല്ലപ്പെട്ടത്. 2016ൽ സമാന രീതിയിൽ നേരിടേണ്ടി വന്ന ആക്രമണത്തിൽ നിന്നും പാബ്ലോയും ഭാര്യയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. തുടർന്ന് സുരക്ഷയ്ക്കായി ഒരു ബോഡി ഗാർഡിനെ പാബ്ലോ നിയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ നടന്ന ആക്രമണത്തിൽ ബോഡി ഗാർഡും കൊല്ലപ്പെട്ടു.
മെക്സിക്കോയിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന ഗ്വെരേരോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പി.എം നോട്ടിഷിയസ് എന്ന ഓൺലൈൻ മാദ്ധ്യമത്തിന്റ എഡിറ്ററാണ് പാബ്ലോ. മെക്സിക്കോയിലെ കുറ്റകൃത്യങ്ങളെയും പൊലീസിനെയും കേന്ദ്രീകരിച്ചാണ് പി.എം നോട്ടിഷിയസിലെ വാർത്തകൾ. ഈ വർഷം മെക്സിക്കോയിൽ കൊല്ലപ്പെടുന്ന നാലാമത്തെ മാദ്ധ്യമ പ്രവർത്തകനാണ് പാബ്ലോ എന്ന് മാദ്ധ്യമ സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പറയുന്നു. അതേ സമയം, ഈ വർഷം മെക്സിക്കൻ ക്രിമിനൽ സംഘത്തിന്റെ തോക്കിനിരയാകുന്ന ഏഴാമത്തെ മാദ്ധ്യമ പ്രവർത്തകനാണ് പാബ്ലോ എന്നാണ് ദ ഫെഡറേഷൻ ഒഫ് ലാറ്റിൻ അമേരിക്കൻ ജേർണലിസ്‌റ്റ് പറയുന്നത്.
പാബ്ലോയെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. പക്ഷേ, കുറ്റകൃത്യങ്ങളെയും മയക്കുമരുന്ന് മാഫിയകളെയും കുറിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരുടെ ജീവൻ മെക്സിക്കോയിൽ അപകടത്തിലാണ്. രണ്ട് മാസം മുമ്പ് പാബ്ലോയ്ക്ക് നേരെ വധ ഭീഷണി ഉണ്ടായതായി സഹപ്രവർത്തകർ പറയുന്നു.