ന്യൂഡൽഹി: പാംഗോഗ് തടാകത്തിന് വടക്കേ അതിർത്തിയിൽ സൈന്യത്തെ പിൻവലിക്കാൻ വിമുഖത കാട്ടുന്ന ചൈനയുടെ നിലപാടിൽ തട്ടി ഞായറാഴ്‌ചത്തെ സൈനിക കമാൻഡർമാരുടെ കൂടിക്കാഴ്‌ച കാര്യമായ ധാരണകളിലെത്താതെ പിരിഞ്ഞതായി സൂചന. തടാകക്കരയിലെ ഫിംഗർ അഞ്ചുവരെ തുടരുന്ന ചൈനീസ് സൈന്യം പിന്തിരിയാതെ സംഘർഷം അയയില്ലെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു.
14-ാം കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗിന്റെ നേതൃത്വത്തിലെ ഇന്ത്യൻ സംഘവും സിൻചിയാംഗ് മിലിട്ടറി മേഖലാ കമാൻഡർ മേജർ ജനറൽ ലിയൂ ലിൻ നയിച്ച ചൈനീസ് സംഘവും ചുഷൂലിൽ ചൈനീസ് അതിർത്തിക്കുള്ളിലെ മോൾഡോയിൽ നടന്ന അഞ്ചാം കൂടിക്കാഴ്‌ച തിങ്കളാഴ്‌ച രാത്രി 9.30വരെ നീണ്ടു. ഏപ്രിലിന് മുമ്പ് ഫിംഗർ എട്ടു വരെ പട്രോളിംഗ് നടത്തിയിരുന്ന തൽസ്ഥിതിയിലേക്ക് പോകണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഫിംഗർ എട്ടിനും അപ്പുറമാണ് ഇന്ത്യ അംഗീകരിച്ച നിയന്ത്രണ രേഖ. എന്നാൽ ഫിംഗർ അഞ്ചുമുതൽ ഫിംഗർ എട്ടുവരെയുള്ള ഭാഗത്ത് നിന്ന് തത്‌ക്കാലം പിന്മാറുക അസാദ്ധ്യമാണെന്ന് ചൈനീസ് പക്ഷം വ്യക്തമാക്കിയതായി അറിയുന്നു.
ഗാൽവൻ, ഹോട്ട്‌സ്‌പ്രിംഗ്, ഗോഗ്ര മേഖലകളിൽ നിന്ന് ഇരുപക്ഷവും രണ്ടു കിലോമീറ്ററോളം പിൻമാറിയെങ്കിലും പാംഗോഗ് മേഖലയിൽ ചൈന പിടിവാശി തുടരുന്നത് മൂലം രണ്ടാം ഘട്ട നടപടികൾ തടസപ്പെട്ടതിനെ തുടർന്നാണ് തിങ്കളാഴ്‌ച കമാൻഡർമാർ വീണ്ടും കൂടിക്കാഴ്‌ച നടത്തിയത്. ജൂലായിൽ ഫിംഗർ നാലിൽ നിന്ന് ചെറിയ തോതിൽ അവർ സൈന്യത്തെ പിൻവലിച്ചിരുന്നു.