ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമീപൂജയ്ക്ക് മുന്നോടിയായി വിഷയത്തിൽ തങ്ങളുടെ നിലപാടറിയിച്ച് സി.പി.എം. ക്ഷേത്രത്തിന്റെ ഭൂമീ പൂജ കർമ്മം കേന്ദ്ര സർക്കാരും ഉത്തർപ്രദേശ് സർക്കാരും ഏറ്റെടുക്കുന്നതിനെ വിമര്ശിച്ചുകൊണ്ടാണ് സി.പി.എം രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
മാത്രമല്ല, മതപരമായ കൂട്ടം ചേരലുകൾ വിലക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ നിലനിൽക്കെ എങ്ങനെയാണ് ചടങ്ങ് നടത്തുകയെന്നും സി.പി.എം ആരാഞ്ഞു. ചടങ്ങിലെ കേന്ദ്ര സർക്കാരിന്റെ പങ്കാളിത്തം കൊണ്ട്, സുപ്രീം കോടതി 'കുറ്റകൃത്യം' എന്ന് വിശേഷിപ്പിച്ച 1992ലെ ബാബരി മസ്ജിദ് തകർക്കലിനെ ന്യായീകരിക്കുന്നതായി കാണപ്പെടാൻ പാടില്ലെന്നും സി.പി.എം ഓർമിപ്പിക്കുന്നു.
അയോദ്ധ്യയിലെ ക്ഷേത്ര നിർമാണം റാം മന്ദിർ ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ നടക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചത്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന ഭൂമീ പൂജാ ചടങ്ങിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പങ്കെടുക്കുന്നത് സുപ്രീം കോടതി വിധിക്കും, ഭരണഘടനയ്ക്കും എതിരാണ്. സി.പി.എം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.