തെക്ക് ദിശയെപ്പറ്റിയാണ് പറയുന്നത്. തെക്കും തെക്കു പടിഞ്ഞാറും കഴിഞ്ഞ ലക്കങ്ങളിൽ പ്രതിപാദിച്ചിരുന്നു. ഇനി തെക്ക് കിഴക്ക് ഭാഗം നോക്കാം. അതിസൂക്ഷ്മമായി, കൃത്യമായി നോക്കി മാത്രം വീടുവയ്ക്കേണ്ട ഇടമാണ് തെക്കുകിഴക്ക്. തെക്ക് കിഴക്ക് വീടെന്ന് പറയുമ്പോൾ വസ്തുവിന്റെ തെക്കുവശത്തും വടക്കു വശത്തും റോഡുകൾ ഉണ്ടാകുമെന്ന് സാരം. അതും പോരാത്തതിന് ചിലർ റോഡിനോട് ചേർത്ത് വീടു വയ്ക്കുകയും യഥാർഥ നാഭി മാറ്റി വസ്തുവിന്റെ തെക്കുകിഴക്കേയറ്റത്ത് റോഡിന് നേർഅടുത്തായി വീടുവയ്ക്കുകയും ചെയ്യാറുണ്ട്. ഇത്തരം കാര്യങ്ങൾ നേർവിപരീത ഫലങ്ങളുണ്ടാക്കും.
തെക്കുകിഴക്കേ ഭാഗത്ത് തെക്കിന്റെയും കിഴക്കിന്റെയും മോശമായ ഊർജരേഖാകേന്ദ്രമാണ്. ഇവിടെ ഉണ്ടാകുന്ന കുറവുകൾ ദോഷങ്ങളുണ്ടാക്കും. തെക്ക് കിഴക്ക് അഗ്നിമൂലയെന്ന് പറയുകയും അഗ്നി അശുദ്ധമായതിനെ ശുദ്ധീകരിക്കും എന്നുമുള്ള വിശ്വാസം തെറ്റാണ്. അഗ്നി ശുദ്ധീകരിക്കുകയല്ല, എല്ലാം ദഹിപ്പിക്കുകയാണ് ചെയ്യുക. ദഹിപ്പിക്കുക എന്ന് പറഞ്ഞാൽ കത്തിച്ച് ഇല്ലാതാക്കുക എന്നാണല്ലോ. വസ്തുക്കളെ കത്തിച്ച് ഇല്ലാതാക്കുക, മനുഷ്യൻ മരിക്കുമ്പോൾ അവരെ കത്തിച്ച് ദഹിപ്പിക്കുക എന്നു പറയുംപോലെയാണ് യഥാർത്ഥ അഗ്നിയുടെ പ്രവർത്തനം. അഗ്നി സർവവും ഇല്ലാതാക്കുകയാണ്. അതിനാൽ വളരെ സൂക്ഷ്മതയോടെ വേണം അഗ്നി നോക്കുന്ന വസ്തുവിൽ വീട് വയ്ക്കുന്നതും പരിപാലിക്കുന്നതും. എന്നാൽ കൃത്യമായി ചെയ്താൽ കുഴപ്പമില്ല താനും. നിലവിലുളള വീടുകളിൽ മോശം നിർമ്മിതികൾ, തള്ളലുകൾ, തുറപ്പുകൾ എന്നിവ ഒഴിവാക്കി ഇത് ശരിയാക്കാം.
തെക്ക് കിഴക്കു ഭാഗത്ത് റോഡ് ചേർന്നുവരുകയും അത് തെക്ക് പടിഞ്ഞാറോട്ട് പോകുകയും ചെയ്താൽ തെക്ക് കിഴക്കു ഭാഗത്തുനിന്ന് സ്വാഭാവികമായി വീട്ടിലേയ്ക്ക് നോട്ടം വരാം. ഈ നോട്ടം ദോഷമുണ്ടാക്കുമെന്നാണ് വിശ്വാസം. കണ്ണേറ് എന്നാണ് പഴമക്കാർ പറയുന്നത്. ഉദാഹരണത്തിന് ഒരാളുടെ വീടിന്റെ ഈശാനഭാഗത്തേയ്ക്ക് അഥവാ വടക്കുകിഴക്കേ ഭാഗത്തേയ്ക്ക്തുടർച്ചയായ നോട്ടം വരുന്നത് വലിയ നേട്ടങ്ങളുണ്ടാക്കും. എന്നാൽ വടക്കു പടിഞ്ഞാറുനിന്നോ, തെക്ക് കിഴക്ക് അഗ്നിയിൽ നിന്നോ ഉള്ള നോട്ടം മോശം ഫലമാണുണ്ടാക്കുക. അത്തരം നോട്ടം ഒഴിവാക്കുന്ന തരത്തിൽ മതിൽ നിർമ്മിക്കാം.
തെക്ക് കിഴക്ക് നോക്കുന്ന വസ്തുവിലെ വീടുകളുടെ പ്രധാന വാതിൽ പരമാവധി തെക്ക് ദിശയിൽ തന്നെ സ്ഥാപിക്കണം. തെക്കുകിഴക്ക് സിറ്റൗട്ടോ അധികം കാലിസ്ഥലമോ നിർമ്മിക്കുന്നത് ഒഴിവാക്കണം. യാതൊരു കാരണവശാലും ഇവിടെ സെപ്റ്റിക്ക് ടാങ്കോ കിണറോ വരാൻ പാടില്ല. വീടിന്റെ മദ്ധ്യഭാഗത്ത് നേർകിഴക്കായി മറ്റൊരു വാതിൽ വയ്ക്കാം.വീടിനുള്ളിൽ ഇതിന് സമാനമായിതന്നെ മറ്റു വാതിലുകൾ വരുന്നതും ഗുണമാണ്. തെക്കുനിന്നും ഇങ്ങനെ നേർവാതിൽ വയ്ക്കാം. അടുക്കള തെക്ക് കിഴക്ക് തന്നെ നിർബന്ധമായും വരണം. ഇത്തരം വസ്തുവിൽ മറ്റെവിടെ അടുക്കള വയ്ക്കുന്നതും വാസ്തു ദോഷമുണ്ടാക്കും. വീടിന്റെയും വസ്തുവിന്റെയും തെക്കു കിഴക്ക് വശം ഉയർന്നിരിക്കാൻ. തെക്ക് കിഴക്ക് അടുക്കള വയ്ക്കുമ്പോൾ തീ കത്തിക്കുന്ന ചിമ്മിനി വരില്ലേ, അപ്പോൾ തെക്കു കിഴക്ക് ഉയരില്ലേ എന്ന് സ്വാഭാവികമായും തോന്നാം. അത് ശരിയാണ്. അങ്ങനെ ചിമ്മിനി വേണ്ടവർ വീടിന്റെ മേൽ നിലയിൽ കന്നിഭാഗത്ത് മാത്രമായി ഒരു മുറി കെട്ടുകയും അതിന് മുകളിൽ വീട്ടിലെ വാട്ടർ ടാങ്ക് വയ്ക്കുകയു ചെയ്യണം. അല്ലാതെ വീടിന്റെ തെക്കുകിഴക്കേ ഭാഗം ഉയർന്നിരുന്നാലോ അവിടെ മാത്രം മുറി വന്നാലോ ദോഷഫലങ്ങളുണ്ടാകാം. തെക്ക് കിഴക്കിൽ കാർപോർച്ച് പണിയാം. പക്ഷേ അതൊരിക്കലും വീടിനോട് ചേർന്ന് വരാതിരിക്കുന്നതാണ് നല്ലത്. വീടിനോട് ചേർന്ന് നിൽക്കാതെ പുറത്ത് അഗ്നി മൂലയിൽ കാർ പോർച്ച് പണിയുന്നത് ദോഷമുണ്ടാക്കില്ല. തെക്കും കിഴക്കും റോഡുള്ളവർ നിർബന്ധമായും വീടിനുള്ളിലെ കന്നി മൂലമുറിയിൽ നിന്നും തെക്കുകിഴക്കേ മുറിയിൽ നിന്നും എതിർ കാന്തിക ഊർജം തടയപ്പെടാതെ വാതിലോ ജനലോ തുറപ്പുകളോ ഇടേണ്ടതാണ്.
( തെക്കുകിഴക്കിന്റെ ബാക്കി
കാര്യങ്ങൾ അടുത്ത ആഴ്ച)