കൊവിഡ് വൈറസിന്റെ ഉത്ഭവം കണ്ടെത്താനായുളള ചെെനയിലെ അടിസ്ഥാന പ്രവർത്തനങ്ങൾ പൂർത്തിയായതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മൃഗങ്ങളിൽ നിന്നുളള വൈറസ് ഉൽഭവത്തെ കുറിച്ചുളള പഠനത്തിന്റെ ആദ്യ ഘട്ടമാണ് അവസാനിച്ചത്.വൈറസ് മനുഷ്യരിൽ എങ്ങനെ പ്രവേശിച്ചുവെന്ന് അറിയുന്നതിനായി ലോകാരോഗ്യ സംഘടന ജൂലൈ 10 ന് ഒരു എപ്പിഡെമിയോളജിസ്റ്റ് ഉൾപ്പെട്ട ഒരു സംഘത്തെ ബീജിംഗിലേക്ക് അയച്ചിരുന്നു. ഇവരുടെ ദൗത്യം പൂർത്തിയായതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു.
തുടർ അന്വേഷണത്തിൽ ലോകമെമ്പാടുമുളള പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും അന്താരാഷ്ട്ര ടീമിൽ ഉൾപ്പെടും. ചെെനയിലെ ആദ്യകാല കൊവിഡ് കേസുകളുടെ ഉറവിടം തിരിച്ചറിയാൻ വുഹാനിൽ എപ്പിഡെമോളജിക്കൽ പഠനങ്ങൾ ആരംഭിക്കും. ഇതിലൂടെയുളള തെളിവുകളും അനുമാനങ്ങളും ദീർഘകാല പഠനത്തിന് അടിതറയാകുമെന്നാണ് വിലയിരുത്തൽ. കൊവിഡ് വുഹാൻ നഗരത്തിലെ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്നുവെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡിനെ അടിച്ചമർത്താൻ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കെെകൾ കൃത്യമായ ഇടവേളകളിൽ കഴുകുക തുടങ്ങിയ കാര്യങ്ങളിൽ സർക്കാരും ജനങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 690,000 കടന്നു. ലോകത്ത് 18.1 ദശലക്ഷം പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്.