covid-naan

ന്യൂഡൽഹി: കൊവിഡ് വൈറസിന്റെ വരവ് ധാരാളം വെറൈറ്റി ഭക്ഷണങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ടെമ്പിള്‍ സിറ്റി എന്ന പേരില്‍ തമിഴ് നാട്ടിലെ മധുരയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ശൃംഖല മാസ്‌കിന്റെ ആകൃതിയിലുള്ള പൊറോട്ട അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതോടെ കൊവിഡ് തീം ആയ ധാരാളം ഭക്ഷണങ്ങളാണ് പുറത്തിറങ്ങിയത്. ഇക്കൂട്ടത്തിലെ പുത്തന്‍ താരമാണ് കൊവിഡ് കറിയും മാസ്‌ക് നാനും ചേര്‍ന്ന കോമ്പിനേഷന്‍.

രാജസ്ഥാനിലെ ജോധ്പുരില്‍ പ്രവര്‍ത്തിക്കുന്ന വേദിക് മള്‍ട്ടി കുസീന്‍ റെസ്‌റ്റോറന്റ് ആണ് കൊവിഡ് കറി + മാസ്‌ക് നാന്‍ കോമ്പിനേഷന് പിന്നില്‍. റെസ്‌റ്റോറന്റിന്റെ ട്വിറ്റര്‍ പേജില്‍ തന്നെ പുത്തന്‍ വിഭവങ്ങളുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലായി കോഫ്ത എന്ന ഉത്തരേന്ത്യയില്‍ പ്രസിദ്ധമായ കറിയാണ് കൊവിഡ് കറി എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നത്. പച്ചക്കറികള്‍ ഒരു ചെറിയ ഉരുള പോലെയാക്കി വറുത്തെടുത്താണ് മലായി കോഫ്ത കറി ഉണ്ടാക്കുക. കൊവിഡ് കറിയിലെ ഉരുളയ്ക്ക് കൊവിഡ് വൈറസിന്റെ ഷെയ്പ്പ് ആണ്.

Overcome the fear of corona with world's first ever invented in corona Pandemic... #covidcurry served with #masknaan. We are super proud of being world's first inventor of these unique concept... the motto behind this dish is to bring awareness about #corona pic.twitter.com/1Bpd0IJowS

— Vedic (@Vedic_jodhpur) July 29, 2020

നാന്‍ മാസ്‌കിന്റെ ഷെയ്പ്പില്‍ തയ്യാറാക്കിയാണ് മാസ്‌ക് നാന്‍ തയ്യാറാക്കിയിരിക്കുന്നത്. കൊവിഡ് വൈറസിനെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക എന്നുള്ളതാണ് തങ്ങളുടെ കൊവിഡ് കറി + മാസ്‌ക് നാന്‍ കോമ്പിനേഷന്റെ പിന്നിലെ ലക്ഷ്യം എന്ന് വേദിക് മള്‍ട്ടി കുസീന്‍ റെസ്‌ടോറന്റ് വ്യക്തമാക്കി. 'കൊവിഡ് കാലത്ത് ലോകത്തെ ആദ്യ കൊവിഡ് കറി + മാസ്‌ക് നാന്‍ നിര്‍മ്മിച്ച് കൊവിഡ് ഭീതി അകറ്റാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ഇത്തരത്തിലൊരു കോമ്പിനേഷന്‍ ആദ്യമായി തയ്യാറാക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്,' റെസ്‌റ്റോറന്റ് ട്വിറ്ററില്‍ കുറിച്ചു.

പലരും വേദിക് മള്‍ട്ടി കുസീന്‍ റെസ്‌റ്റോറന്റിലെ പുത്തന്‍ വിഭവത്തെ പ്രകീത്തിച്ചു പ്രതികരണം അറിയിച്ചപ്പോള്‍ ചിലര്‍ക്ക് കൊവിഡ് കറിയും മാസ്‌ക് നാനും കാര്യമായി പിടിച്ചിട്ടില്ല. 'ഒരു പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുമ്പോള്‍ ഈ രീതിയില്‍ ആണോ മാര്‍ക്കറ്റിംഗ് ചെയ്യേണ്ടത്? കൊവിഡ് വൈറസ് ഭീതിയില്‍ നിന്നും മുക്തി നേടാന്‍ കൊവിഡ് കറിയും മാസ്‌ക് നാനും കഴിച്ചാല്‍ മതി എന്ന തെറ്റായ സന്ദേശം ആണോ ഇത് നല്‍കുന്നത്' എന്ന് സുനില്‍ പരീക് എന്ന എന്ന ട്വിറ്റര്‍ ഉപഭോക്താവ് കുറിച്ചു.