china

ലഡാക്ക്: പാംഗോംഗ് സോ തടാകക്കരയിലെ പ്രദേശങ്ങളിൽ നിന്നും സേനയുടെ ഉടൻ പിൻവലിക്കണമെന്ന്‌ ചൈനയെ നിലപാടറിയിച്ച് ഇന്ത്യ. ക്രോപ്സ് - കമാൻഡർതല അഞ്ചാം ഘട്ട ചർച്ചയിലാണ് ഇന്ത്യ ഇക്കാര്യം ചൈനയോട് വ്യക്തമാക്കിയത്. പ്രദേശത്തുനിന്നും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പൂർണമായ പിന്മാറ്റമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ചർച്ചയിൽ പ്രദേശത്തെ ഉൾപ്പെടുത്താൻ കഴിയില്ലെന്നും ഇന്ത്യ ചൈനയെ അറിയിച്ചു.

നിയന്ത്രണ മേഖലയിലെ(ലൈൻ ഒഫ് ആക്ച്വൽ കൺട്രോൾ) ചൈനീസ് ഭാഗത്തുള്ള മോൾഡോയിൽ വച്ച് ഇന്ന് ഞായറാഴ്ച രാവിലെ 11മണിക്കാണ് ചർച്ച ആരംഭിച്ചത്.

രാത്രി 10 മണി വരെ നീണ്ട ചർച്ചയിൽ ഇന്ത്യൻ പ്രതിനിധിസംഘത്തെ നയിച്ചത് ലെഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗും ചൈനീസ് ഭാഗത്തെ നയിച്ചത് മേജർ ജനറൽ ലിയു ലിനും ആയിരുന്നു. ഇന്ത്യ നിലപാട് ശക്തമാക്കിയതിനെ തുടർന്ന്, ചൈന ഈ ആവശ്യത്തിന് വഴങ്ങാൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന സൂചനകൾ.

മുൻപ് നടന്ന സൈനികതല ചർച്ചകൾക്ക് പിന്നാലെ ഗാൽവൻ താഴ്വരയിലെ ചില പ്രദേശങ്ങളിൽ നിന്നും ചൈനെസ് സേന പിൻവാങ്ങിയിരുന്നു. എന്നാൽ പാംഗോംഗ് സോ തടാകക്കരയിലുള്ള ഫിംഗർ നാലിനും എട്ടിനും ഇടയിലുള്ള പ്രദേശങ്ങളിൽ നിന്നും ചൈനീസ് സേന പിൻവാങ്ങിയിരുന്നില്ല. ഇപ്പോൾ ഈ പ്രദേശങ്ങളിൽ നിന്നുകൂടി ചൈന പിൻവാങ്ങണമെന്നാണ് ഇന്ത്യ അറിയിച്ചത്.