അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിന് രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മറ്റൊരു പൂജാരി കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രേം കുമാർ തിവാരിയെന്നയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ മറ്റൊരു പൂജാരിയായ പ്രദീപ് ദാസിന് രോഗം സ്ഥിരീകരിച്ചിരുന്നു. സംഭവത്തെ തുടർന്ന് തങ്ങൾ ആശങ്കയിലാണെന്ന് മുഖ്യപൂജാരിയായ സത്യേന്ദ്ര ദാസ് പറഞ്ഞു. സഹായിയായ പ്രദീപ് ദാസിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം നിരീക്ഷണത്തിലാണ്.
ശിലാസ്ഥാപന ചടങ്ങിനോട് അനുബന്ധിച്ച് പൂജാരികൾ എല്ലാവരും ഒരുമിച്ചായിരുന്നുവെന്നതും ആശങ്ക സൃഷ്ടിക്കുന്നു. നേരത്തെ ക്ഷേത്രത്തിലെ മറ്റു സുരക്ഷ ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. സുരക്ഷയുടെ ഭാഗമായി മുഖ്യപൂജാരി ഉൾപ്പെടെ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരുടെയും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. നിലവിൽ ചടങ്ങ് മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിപാടി നടത്തുമെന്നും ജില്ലാ അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തും. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, ഹെെന്ദവ പണ്ഡിതന്മാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.