covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഒരു കോടി എൺപത്തിനാല് ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 696,801 ആയി ഉയർന്നു. 11,664,812 പേർ രോഗമുക്തി നേടി.

അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം നാൽപത്തൊമ്പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. അരലക്ഷത്തോളം പേർക്കാണ് യു.എസിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,862,133 ആയി ഉയർന്നു. 158,929 പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരണമടഞ്ഞത്. 2,446,672 പേർ സുഖം പ്രാപിച്ചു.


ബ്രസീലിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. 17,988പേർക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,751,665 ആയി. 94,702 പേരാണ് ഇതുവരെ മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,912,319 ആയി.

ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 18.50 ലക്ഷം കടന്നു. മരണസംഖ്യ 39000ത്തിലേക്ക് അടുക്കുന്നു. തുടർച്ചയായ അഞ്ചാം ദിനവും പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷം കടന്നു. ഞായറാഴ്ച പ്രതിദിന മരണനിരക്കിൽ അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് ആഗോളതലത്തിൽ ഇന്ത്യ മുന്നിലെത്തി. രാജ്യത്ത് 52,783 പുതിയ രോഗികളും 758 മരണവുമാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നിലവിൽ മൂന്നാമതാണ്. മരണങ്ങളിൽ അഞ്ചാമതും.