പാലക്കാട്: മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ചനിലയിൽ കണ്ടെത്തി.കാഞ്ചിക്കോട് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശികളായ ഹരി ഓം, കൻഹായ്, അരവിന്ദ് കുമാർ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
ഐ.ഐ.ടി ക്യാമ്പസിലെ കരാർ തൊഴിലാളികളാണ് മരിച്ചത്. ട്രെയിൻ തട്ടിയാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന് സുഹൃത്തുക്കൾ ആരോപിച്ചു.ഹരി ഓമിനെ ചിലർ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സുഹൃത്തുക്കൾ മണിക്കൂറുകളോളം മൃതദേഹം എടുക്കാൻ സമ്മതിച്ചില്ല. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തൊഴിലാളികൾ പൊലീസിനെ കല്ലെറിഞ്ഞു. കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥർക്കും, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. വാഹനങ്ങളും കല്ലേറിൽ തകർന്നിട്ടുണ്ടെന്നാണ് സൂചന.