ഭർത്താവ് രാമകൃഷ്ണൻ അവസരം കിട്ടുമ്പോഴൊക്കെ തന്റെ ജോലിയെ തരം താഴ്ത്തി കെട്ടുന്നതിൽ സീത ടീച്ചർക്ക് ആദ്യമൊക്കെ പ്രയാസം തോന്നിയിരുന്നു. തന്നേക്കാൾ പ്രായത്തിലും അറിവിലും ബുദ്ധിയിലും താഴ്ന്ന കുട്ടികളെ പഠിപ്പിക്കുന്നതിൽ എന്താണ് രസം. വലുതാകുമ്പോൾ കുട്ടികൾക്ക് മറക്കാനുള്ള ഒരു കഥാപാത്രം. മാത്രമല്ല ഉയർന്ന ക്ലാസുകളിലേക്ക് പ്രവേശിക്കും തോറും താഴ്ന്ന ക്ലാസുകളിൽ പഠിപ്പിച്ച അദ്ധ്യാപകരോട് പുച്ഛമായിരിക്കും. അതേസമയം കേന്ദ്രസർക്കാർ ജോലി അങ്ങനെയല്ല. ശമ്പളത്തിലും പദവിയിലും എത്രയോ മുന്നിലാണ്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ രാമകൃഷ്ണന്റെ ആക്ഷേപഹാസ്യം അങ്ങനെ നീണ്ടുപോകും. ഹൈസ്കൂൾ അദ്ധ്യാപികയായ സീത ടീച്ചർ പലപ്പോഴും മൗനം ഭജിക്കും. ഡിഗ്രിയ്ക്ക് മനഃശാസ്ത്രം ഒരു പേപ്പറുണ്ടായിരുന്നതിനാൽ മനുഷ്യന്റെ മനഃശാസ്ത്രം കുറെയൊക്കെ ഗ്രഹിക്കാൻ കഴിഞ്ഞതിന്റെ ഗുണം അപ്പോൾ സീതടീച്ചർ ചിന്തിക്കും. വേണ്ടെന്ന് വച്ച് പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ എപ്പോഴാണ് പ്രയോജനപ്പെടുക എന്നറിയില്ലല്ലോ. ഒരു വിദ്യയും പാഴല്ലെന്ന് മഹാന്മാർ പറഞ്ഞിട്ടുള്ളത് എത്ര പരമാർത്ഥം. സിംഹത്തെപ്പോലെയാണ് മനുഷ്യമനസ്. കാട്ടിലെ പാവപ്പെട്ട മൃഗങ്ങളുടെയെല്ലാം മേധാവി താനാണെന്ന് ഭാവിക്കും. ഏതിനെയും എപ്പോഴും വേട്ടായാടാനുള്ള ജന്മാവകാശമുണ്ടെന്ന് നടിക്കും. ഈ ഭാവം എല്ലാവരിലുമുണ്ടാകും. ചില അവസരങ്ങളിലേ അത് പുറത്ത് ചാടാറുള്ളൂ. കുടുംബബന്ധങ്ങളിലും അത് കാണാൻ കഴിയും. അച്ഛനമ്മമാരെ തരം താഴ്ത്താൻ വലിയ നിലയിലെത്തുമ്പോൾ ചില മക്കളെങ്കിലും ശ്രമിച്ചെന്നുവരും. ഭാര്യാ ഭർത്താക്കന്മാർക്കിടയിലും ചിലപ്പോൾ പ്രത്യക്ഷപ്പെടും. സംസ്കാരമുള്ളവർ ഇത്തരം മാനസിക പോരാട്ടങ്ങളെ 'സൗന്ദര്യപ്പിണക്കം" എന്ന് പറഞ്ഞ് ആശ്വസിക്കും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അദ്ധ്യാപകവൃത്തി ഏറ്രവും മഹനീയമെന്ന പക്ഷക്കാരിയാണ് സീതടീച്ചർ. ഭർത്താവിനോട് തർക്കിച്ച് അന്നത്തെ ദിവസം പാഴാക്കേണ്ടെന്ന് കരുതി പലപ്പോഴും പറയാറില്ലെന്ന് മാത്രം. കാലം തെളിയിക്കുമെന്ന് സ്വയം പറയാറുണ്ട്.
രാമകൃഷ്ണന് വലിയ ബന്ധങ്ങളും സ്വാധീനങ്ങളുമുണ്ടായിരുന്നു. ഫോൺ വിളികളുടെ ബഹളമായിരുന്നു. തിരക്കോട് തിരക്ക്. വിരമിച്ചതോടെ എല്ലാം പൊടുന്നനെ നിലച്ചു. ആദ്യമൊക്കെ പലരേയും അങ്ങോട്ട് വിളിച്ച് ബന്ധങ്ങൾ പുതുക്കുമായിരുന്നു. ഇപ്പോൾ അതുമില്ല. സർവീസിലിരിക്കുമ്പോൾ എല്ലാവരും എം.എൽ.എ മാരാണ്. വിരമിച്ചാൽ എക്സ് എം. എൽ.എ. പിന്നെ ഒരു പകിട്ടും പത്രാസുമില്ല.
അടുത്തകാലത്ത് ഒരു ബന്ധുവിനെ സന്ദർശിക്കാൻ ആശുപത്രിയിൽ ടീച്ചറും ഭർത്താവും പോയി. ലിഫ്റ്റ് ഓപ്പറേറ്ററായ യുവാവ് ഇരുവരെയും നോക്കി ചിരിച്ചു. പത്താംനിലയിലായിരുന്നു രോഗിയുടെ മുറി. ലിഫ്റ്റിൽ നിന്നിറങ്ങി മുറി വരെ അനുഗമിച്ച യുവാവ് മടങ്ങാൻ നേരം പറഞ്ഞു: ടീച്ചർ എന്നെ പഠിപ്പിച്ചിട്ടുണ്ട്. പഠിക്കാൻ മിടുക്കനല്ല, കൈയിലിരിപ്പും അത്ര നന്നല്ല. അതുകൊണ്ട് ഓർക്കാൻ വഴിയില്ല. ടീച്ചർ മറുപടി പറഞ്ഞു. പത്ത് സിയിലെ അയ്യപ്പൻ. ആ യുവാവിന്റെ മുഖം തിളങ്ങി.
മടങ്ങുമ്പോൾ പെട്രോൾ പമ്പിൽ കയറി ഫുൾടാങ്ക് അടിച്ചു. അപ്പോഴാണ് ഭർത്താവ് ചമ്മിയത്. പേഴ്സെടുത്തില്ല. ക്രെഡിറ്റ് കാർഡുമെടുത്തില്ല. എന്തു ചെയ്യണമെന്നറിയാതെ ടീച്ചർ പുറത്തിറങ്ങി. ഒരു ആഡംബരക്കാറിൽ വന്നിറങ്ങിയ യുവാവ് കൈകൾ കൂപ്പിക്കൊണ്ട് അടുത്തുവന്നു. എന്താ സീത ടീച്ചർ. ഞാൻ രവിശങ്കർ. ടീച്ചറുടെ ഒരു പഴയശിഷ്യൻ. ഇപ്പോൾ ഗവ. കോൺട്രാക്ടർ. ടീച്ചർ കാര്യം പറയുംമുമ്പേ അയാൾ തന്നെ രണ്ടുകാറിന്റെയും പെട്രോൾ കാശ് നൽകി. കാശ് ഞാൻ എത്തിക്കാം, ടീച്ചർ പറയുമ്പോൾ അയാളുടെ മറുപടി വന്നു. വേണ്ട... സൗകര്യം പോലെ കുടുംബത്തോടൊപ്പം ടീച്ചറുടെ വീട്ടിൽ വരാം.
അല്പം ചമ്മലോടെ കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ രാമകൃഷ്ണൻ നിറഞ്ഞ ചിരിയോടെ ടീച്ചറെ നോക്കി. മറ്റെല്ലാം ജോലികളും വിരമിക്കലോടെ ഇതൾ കൊഴിയുന്ന പൂക്കൾ. അദ്ധ്യാപകവൃത്തി നീലക്കുറിഞ്ഞിപോലെ. എത്ര പന്ത്രണ്ടുവർഷങ്ങൾ കഴിഞ്ഞാലും പൂത്തുകൊണ്ടിരിക്കും.
(ഫോൺ : 9946108220)