കാടാമ്പുഴ നാറാക്കരയിലെ വർക്കപ്പണിയ്ക്കിടെയാണ് ജയസൂര്യ തന്റെ പ്ളസ്ടു പരീക്ഷാഫലം അറിഞ്ഞത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിവസമായിരുന്നു അത്. എന്നിട്ടും പണിത്തിരക്ക് കഴിഞ്ഞ് നോക്കാമെന്ന് കരുതി മാറ്റി വച്ചു. വൈകീട്ട് തിരക്കൊഴിഞ്ഞ് ചോറ് കഴിക്കാനിരുന്നപ്പോഴായിരുന്നു പിന്നെ സമയം കിട്ടിയത്. ഫുൾ എപ്ലസ്. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ് ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. വിശപ്പ് പാടേ മറന്നു പോയി. മുന്നിലിരുന്ന ചോറ് പാതിയാക്കി ജയസൂര്യ അമ്മയുടെ അടുത്തേക്ക് ഓടി. കൂടെ അമ്മാവന്റെ മകൻ ഷൺമുഖനും. ഷൺമുഖനും ജയസൂര്യയും സ്കൂളിൽ പോകുന്നതും പഠിക്കുന്നതും പണിക്ക് പോകുന്നതുമെല്ലാം ഒരുമിച്ചാണ്. പണിസ്ഥലത്ത് വച്ച് രണ്ടാളും കൂടിയാണ് പരീക്ഷാഫലം നോക്കിയതും. എല്ലാത്തിനും എ പ്ലസ് കിട്ടി എന്ന് പറഞ്ഞപ്പോൾ അമ്മ ഗോവിന്ദമ്മയ്ക്ക് ആദ്യം ഒന്നും മനസിലായില്ല. അമ്മയും അച്ഛനും സ്കൂളിൽ പോയിട്ടില്ലാത്തവരാണ്. പക്ഷേ, പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും പാസായി എന്നു പറഞ്ഞപ്പോൾ അവരുടെ മുഖത്ത് സന്തോഷം അലയടിച്ചു.
പഠിക്കാൻ മിടുമിടുക്കനാണ് ജയസൂര്യ. വീട്ടിലെ പട്ടിണിയും സാഹചര്യങ്ങളും പക്ഷേ, ആ കൗമാരക്കാരന് ചുറ്റും തീർത്തത് തീച്ചൂളയാണ്. സുഖമില്ലാത്ത അച്ഛനും ആക്രി പെറുക്കി ജീവിത മാർഗം കണ്ടെത്തുന്ന അമ്മയും ഏതു നേരവും നിലം പൊത്താവുന്ന കൂരയും ചേർന്നതാണ് അവന്റെ ജീവിതം. വെള്ളം കുടിച്ച് മാത്രം ജീവൻ പിടിച്ചു നിറുത്തിയ ദിവസങ്ങളുണ്ട്. പക്ഷേ, ഇല്ലായ്മകൾക്ക് മുന്നിൽ അവൻ ഒരിക്കലും തോറ്റു കൊടുത്തില്ല. അവധിദിവസങ്ങളിൽ വാർക്കപ്പണിക്ക് പോയും പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ടും പ്ലസ് ടു പരീക്ഷയിൽ അവൻ ആരെയും അതിശയിപ്പിക്കുന്ന വിജയം നേടി. നാടൊട്ടാകെ അവനു വേണ്ടി കൈയടിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശിയായ ജയസൂര്യയിപ്പോൾ തന്റെ സ്വപ്നത്തിന് പിന്നാലെയാണ്. നാട്ടുകാരുടെയും വീട്ടുകാരുടെയും പിന്തുണയോടെ യാസ റാം അക്കാഡമിയുടെ സിവിൽ സർവീസ് ഓൺലൈൻ ക്ലാസിലിരിക്കുമ്പോഴും അവന്റെ ഉള്ളിൽ ആധി പടരുന്നുണ്ട്. അതെന്താണെന്ന് അറിയണമെങ്കിൽ അവന്റെ ജീവിതം ആദ്യമറിയണം.
''സംസാരിക്കാൻ കഴിയാത്ത അച്ഛനോട് ജയിച്ചെന്ന് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് ചിരിച്ചു. ഞാനൊരു മോനേ അവർക്കുള്ളൂ. ഞാനാണ് അവരുടെ എല്ലാ പ്രതീക്ഷയും. പരീക്ഷാഫലം വന്നപ്പോൾ അസീന ടീച്ചർ വിളിച്ചു. സ്കൂളിൽ ചെന്നപ്പോൾ ചാനലുകാരൊക്കെ വന്നു. എന്താണ് സംസാരിക്കേണ്ടത് എന്നറിയാതെ പകച്ച് പേടിയോടെയാണ് സംസാരിച്ചത്."" ജയസൂര്യ പറയുന്നു.
പുല്ല് പറിച്ചും ആക്രി പെറുക്കിയും
20 വർഷങ്ങൾക്ക് മുൻപാണ് തമിഴ്നാട് സ്വദേശികളായ രാജക്കണ്ണനും ഭാര്യ ഗോവിന്ദമ്മയും മലപ്പുറം കോട്ടക്കലിലെ പടിഞ്ഞാക്കരയിലെത്തുന്നത്. പാറ പൊട്ടിച്ചായിരുന്നു ജീവിതം. അതിനിടെ ഗോവിന്ദാമ്മ ഗർഭിണിയായതോടെ ഇരുവരും തമിഴ്നാട്ടിലേക്ക് മടങ്ങി. പക്ഷേ കുടുംബവഴക്ക് കാരണം ഒറ്റപ്പെട്ട രാജ വീണ്ടും കേരളത്തിലെത്തി. ഒപ്പം പുതിയൊരതിഥി കൂടിയുണ്ടായിരുന്നു, ആറു മാസം പ്രായമായ കുഞ്ഞ്. മകൻ ജയസൂര്യയ്ക്ക് ഒന്നര വയസുള്ളപ്പോഴാണ് രാജ വാഹനാപകടത്തിൽ പെടുന്നതും ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായതും. കടുത്ത ദാരിദ്ര്യവും പ്രയാസങ്ങളും നിറഞ്ഞുനിന്ന ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്. പക്ഷേ പ്രതിസന്ധികളിൽ തളർന്നിരിക്കാൻ ആ കുടുംബത്തിന് ആകുമായിരുന്നില്ല. ജീവിതം തിരിച്ചുപിടിക്കുന്നതിനായി ഗോവിന്ദമ്മ ഒരു ചാക്കുമായി ആക്രിസാധനങ്ങൾ പെറുക്കാനിറങ്ങി. ഭർത്താവിനെയും കുഞ്ഞുമകനെയും സംരക്ഷിക്കാനായി രാപ്പകലില്ലാതെ അവർ പണിയെടുത്തു. പല സ്ഥലങ്ങളിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ടായെങ്കിലും കുടുംബത്തിനായി അതെല്ലാം അവർ മനസിലൊതുക്കി. ഇതിനിടയിൽ മകൻ ജയസൂര്യയുടെ പഠനത്തിലും ശ്രദ്ധിച്ചു. ഒന്നുമുതൽ ഏഴുവരെ മലപ്പുറം ആട്ടീരി സ്കൂളിലായിരുന്നു ജയസൂര്യ. പഠിക്കാൻ മിടുക്കൻ. പക്ഷേ അച്ഛന്റെ ചികിത്സാ ചെലവും വീട്ടുവാടകയുമായി ജീവിതത്തിന്റെ രണ്ടറ്റം കൂടി മുട്ടിക്കാനായി പാടുപെടുന്ന അമ്മ അവനെന്നും ഉള്ളു പൊള്ളിക്കുന്ന കാഴ്ചയായിരുന്നു. നാലാം ക്ലാസിലെത്തിയപ്പോഴേക്കും അമ്മയ്ക്കൊപ്പം ആക്രിസാധനങ്ങൾ ശേഖരിക്കാനും വിൽക്കാനും അവനും കൂടി. പക്ഷേ പഠിക്കുന്ന കുട്ടി ആക്രി പെറുക്കാൻ വരരുതെന്ന് അമ്മ നിർബന്ധം പിടിച്ചു. അതോടെ ആ വഴി നിലച്ചു. ഗവ.രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലെത്തിയതോടെ ചെറിയ പണികളൊക്കെ ചെയ്ത് സ്വന്തമായി വരുമാനം ഉണ്ടാക്കാൻ ജയസൂര്യ ശ്രദ്ധിച്ചിരുന്നു. അയൽവീടുകളിൽ പുല്ല് പറിച്ചും പച്ചക്കറി വാങ്ങിക്കൊടുത്തും പാൽ വിറ്റും അവൻ വീടിന് ചെറിയൊരു താങ്ങായി മാറി. വീട്ടിൽ പലപ്പോഴും ഭക്ഷണം മുടങ്ങിയപ്പോൾ ഒരു പരാതിയുമില്ലാതെ അവൻ വെള്ളം മാത്രം കുടിച്ച് ജീവിച്ചു. സ്കൂളിൽ നിന്ന് കിട്ടുന്ന ഉച്ചഭക്ഷണമായിരുന്നു ഏക ആശ്വാസം. ഇല്ലായ്മകളോട് പടപൊരുതി ട്യൂഷനോ കോച്ചിംഗോ ഒന്നുമില്ലാതെയായിരുന്നു ഈ വിജയമധുരം അവൻ സ്വന്തമാക്കിയത്.
അഭിമാനമാണ് നാടിനും നാട്ടുകാർക്കും
ജയസൂര്യയുടെ വിജയകഥ മധുര പ്രതികാരത്തിന്റേത് കൂടിയാണ്. നമുക്ക് ചുറ്റുമുള്ള അന്യസംസ്ഥാന തൊഴിലാളികൾ നേരിടേണ്ടി വന്ന മുഴുവൻ വിവേചനങ്ങളും ഈ പതിനേഴുകാരനും അനുഭവിച്ചിട്ടുണ്ട്. പല കോണുകളിൽ നിന്നായി ഉയർന്നു വന്ന അണ്ണാച്ചി എന്ന പരിഹാസവിളി പപ്പോഴും വേദനിപ്പിച്ചു. കുട്ടിക്കാലത്ത് അമ്മയോടൊപ്പം ആക്രി വിൽക്കാൻ പോയപ്പോഴൊക്കെ അണ്ണാച്ചിയെന്ന് വിളിച്ച് സഹപാഠികൾ മാറ്റി നിറുത്തിയത് ഇന്നും വേദനയാണ്. അമ്മയുടെ കരുതലും വാക്കും അന്നേരം ജയസൂര്യക്ക് തണലായി. മാറ്റി നിറുത്തപ്പെടുമ്പോൾ വിഷമിക്കരുതെന്നും അതിന് മറുപടി ജീവിതത്തിലൂടെ നൽകണമെന്നുമായിരുന്നു ആ അമ്മ മകനെ പഠിപ്പിച്ച പാഠം. ഇന്നിപ്പോൾ ആ കൂട്ടുകാർക്കും അഭിമാനമാണ് ജയസൂര്യ. ഏതു നിമിഷവും തകർന്നു വീഴുമെന്നുറപ്പുള്ള വാടക വീട്ടിലാണ് ജയസൂര്യയും കുടുംബവും അന്തിയുറങ്ങുന്നത്. വീടെന്ന് പറയാൻ പറ്റില്ല, മണ്ണെണ്ണ വെളിച്ചത്തിലിരുന്നാണ് പഠിത്തം. വീട്ടിലെ കഷ്ടപ്പാടുകൾ ഒരിക്കലും പഠനത്തെ ബാധിക്കാതിരിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു. മെച്ചപ്പെട്ട സൗകര്യങ്ങളോ പഠന സാമഗ്രികളോ വേണമെന്ന് പറഞ്ഞ് അമ്മയെ ഒരിക്കലും ബുദ്ധിമുട്ടിച്ചിരുന്നില്ല. സുഹൃത്തുക്കളും ടീച്ചർമാരും നൽകിയ പുസ്തകങ്ങളാണ് ഉപയോഗിച്ചത്. വീട്ടു ചെലവും ആശുപത്രി ചെലവുമായി വലഞ്ഞു നിൽക്കുന്ന അമ്മയ്ക്ക് കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നില്ലെന്ന് അവന് നന്നായി അറിയാമായിരുന്നു.
അന്നൊക്കെ അത്രയും കരഞ്ഞു
ശരീരം നുറുങ്ങുന്ന വേദനയുമായിട്ടായിരുന്നു ജോലിയുടെ ആദ്യ നാളുകളിൽ വീട്ടിലെത്തിയിരുന്നത്. രാത്രി ആരും കാണാതെ കരയും. വീട്ടിലെത്തിയാലും പഠിക്കാതെ ഉറങ്ങില്ലായിരുന്നു. പരീക്ഷ അടുത്ത ദിവസങ്ങളിലും പണിയില്ലാത്ത ദിവസങ്ങളിലും രാത്രിയും പകലുമിരുന്നു പഠിച്ചു. കൂട്ടിന് കട്ടൻ കാപ്പിയുമായി അമ്മ ഗോവിന്ദാമ്മയും ഉറക്കമൊഴിഞ്ഞു. മകനിലൂടെ കഷ്ടപ്പാടെല്ലാം മാറുമെന്ന് അവർക്ക് ഉറപ്പായിരുന്നു. പഠിത്തത്തിനിടയിൽ പണിക്ക് പോകുന്ന കാര്യങ്ങളൊന്നും സ്കൂളിൽ അധികമാർക്കും അറിയില്ലായിരുന്നു. പത്താം ക്ലാസിൽ ഒൻപത് എ പ്ലസും ഒരു ബിയുമാണ് ഈ മിടുക്കൻ നേടിയത്. എപ്പോഴും വില്ലനാകുന്ന കണക്ക് തന്നെയായിരുന്നു അന്നും മുഖ്യ ശത്രുവായത്. സയൻസ് എടുത്താൽ കണക്ക് പഠിക്കേണ്ടി വരുമല്ലോ എന്നുള്ളതു കൊണ്ടാണ് പ്ലസ് വണ്ണിന് ഹ്യുമാനിറ്റീസ് എടുക്കാൻ തീരുമാനിച്ചത്. പക്ഷേ അപേക്ഷ കൊടുത്തപ്പോൾ പറ്റിയൊരു അബദ്ധത്തിൽ കൊമേഴ്സ് ലഭിക്കുകയായിരുന്നു.
വീട്ടുചെലവിനൊപ്പം പഠനത്തിനും ചെലവേറിയതോടെ ഹോട്ടലിൽ സപ്ലെയറായും ക്ലീനറായും ജോലി ചെയ്തു. ക്ലാസുകൾ മുടങ്ങാതെ ശനിയും ഞായറും പണിക്കു പോയി, രാത്രി ഏറെ വൈകിയാലും പഠനത്തിന് സമയം കണ്ടെത്തി. പ്ലസ് ടു ക്ലാസ് കഴിഞ്ഞതോടെ കൊവിഡ് കാലമെത്തിയതും ജയസൂര്യയെയും കുടുംബത്തെയും തളർത്തി. അമ്മയ്ക്ക് ജോലിക്ക് പോകാൻ കഴിയാതായതോടെ പട്ടിണി മാറ്റാൻ ജയസൂര്യ വാർക്കപ്പണിക്ക് ഇറങ്ങി. ദിവസവും രാവിലെ അഞ്ചര മണിക്ക് കോട്ടക്കൽ ബസ് സ്റ്റാൻഡിൽ പോയി നിൽക്കും. ആരെങ്കിലും പണിക്ക് വിളിച്ചാൽ കൂടെ പോകും. വാർപ്പ്, തേപ്പ് തുടങ്ങി എന്തു പണിക്കും അവൻ റെഡിയാണ്
ഹലോ ജയസൂര്യയല്ലേ
ഞാൻ ജയസൂര്യ
''പ്രതീക്ഷിക്കാതെയാണ് ജയേട്ടന്റെ ( നടൻ ജയസൂര്യ) ഫോൺ വന്നത്. ജയസൂര്യയെ പോലൊരു ജയസൂര്യയാണെന്ന് പറഞ്ഞു. ആദ്യം എനിക്ക് ഒന്നും മനസിലായില്ല. പിന്നെ സംസാരിച്ചപ്പോൾ ഞാൻ ശരിക്കും ത്രില്ലിലായി. അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെയും അമ്മയേയും ക്ഷണിച്ചിട്ടുണ്ട്. നന്നായി പഠിക്കണമെന്നും പറഞ്ഞു. പിന്നെ വിളിക്കാനായി അദ്ദേഹത്തിന്റെ നമ്പർ തന്നു. അത് ആർക്കും കൊടുക്കരുതെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇവിടെ വരുകയാണെങ്കിൽ തീർച്ചയായും വീട്ടിൽ വരാമെന്ന ഉറപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.""
ചിത്രരചനയിലും ജയസൂര്യയ്ക്ക് താത്പര്യമുണ്ട്. മൂന്ന് വർഷം സബ് ജില്ലയിലും ഒരു തവണ ജില്ലയിലും മത്സരിച്ച് സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. അടുത്ത വീട്ടിലെ ചേട്ടനാണ് കാർട്ടൂണിലെ ഗുരു. കൂടാതെ സ്കൂൾ ക്രിക്കറ്റ് ടീമിലും എൻ.എസ്. എസ് ടീമിലും അംഗമായിരുന്നു. ഹിന്ദി, ഇംഗ്ലീഷ് , തമിഴ്, മലയാളം എന്നീ ഭാഷകൾ അറിയുമെങ്കിലും മറ്റു ഭാഷകൾ കൂടി പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് ജയസൂര്യ. ഇതിനിടയിൽ യുട്യൂബ് നോക്കി തെലുങ്കും കന്നടയും വശത്താക്കിയിട്ടുണ്ട്. അതോടൊപ്പം തന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലുമാണ് ഈ പതിനേഴുകാരൻ. സിവിൽ സർവീസ് തയ്യാറെടുപ്പിലാണിപ്പോൾ. അതിനായി വീട്ടിൽ പത്രമൊക്കെ ഇട്ടു തുടങ്ങി. സിനിമാ നിർമ്മാതാവായ അനിൽ വി. നാഗേന്ദ്രൻ പഠനത്തിന് വേണ്ട എല്ലാ പിന്തുണയുമായി വന്നിട്ടുണ്ട്.
പഠിച്ച് ജോലി നേടണം. ആ ജോലിയിൽ നിന്നു കിട്ടുന്ന ശമ്പളത്തിൽ നിന്നു കുറച്ച് കൂട്ടിവച്ച് ഒരു വീടുണ്ടാക്കണം... ഇതാണ് ജയസൂര്യയുടെ ഏറ്റവും വലിയ ആഗ്രഹം. അകലെയുള്ള കോളേജിലൊന്നും പോയി പഠിക്കാൻ ജയസൂര്യക്ക് അത്ര താത്പര്യമില്ല. കാരണം മറ്റൊന്നുമല്ല, അമ്മയെയും അച്ഛനെയും വീട്ടിൽ തനിച്ചാക്കി പോകാനിഷ്ടമില്ല. മകനെ കുറിച്ച് നിറയെ സ്വപ്നങ്ങളുമായി ജീവിക്കുന്ന ഒരച്ഛനും അമ്മയും... അവരെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു മകനും. ജയസൂര്യ പകർന്നു തരുന്ന പാഠങ്ങൾ ഏറെയാണ്. ഫോണിലൂടെയും നേരിട്ടും ഒരുപാട് ആളുകളാണ് ഈ മിടുക്കനെ വിളിച്ച് അഭിനന്ദിച്ചത്. അതിൽ മന്ത്രിമാർ മുതൽ സാധാരണക്കാർ വരെയുണ്ട്. മലപ്പുറത്തെ ജീവകാരുണ്യപ്രവർത്തകൻ നാസർ മാനു ജയസൂര്യയുടെ കുടുംബത്തിന് വീട് നിർമിക്കാൻ നാല് സെന്റ് സ്ഥലം വിട്ടുനൽകി. സഹായവാഗ്ദാനങ്ങളുമായി നിരവധി പേരെത്തി. അപ്പോഴും ജയസൂര്യ ആകെ ആശയക്കുഴപ്പത്തിലാണ്.
''വലിയ സന്തോഷമൊക്കെയുണ്ട്. പക്ഷേ ഒരുപാട് തിരക്കിലായതു പോലെ തോന്നുന്നുണ്ട്. ഈ തിരക്ക് പിടിച്ച ജീവിതം എനിക്ക് അത്ര ഇഷ്ടമല്ല. എനിക്ക് പഴയ ആ ജീവിതത്തോടാണ് സ്നേഹം. മാത്രമല്ല എല്ലായ്പ്പോഴും മറ്റുള്ളവരെ ആശ്രയിച്ച് നടക്കുന്നത് അത്ര നല്ലതല്ലെന്നാണ് എന്റെയൊരു തോന്നൽ."" പ്രായത്തേക്കാൾ പക്വതയുള്ള വാക്കുകളോടെ വെളിച്ചം നിറഞ്ഞ ജീവിതത്തെ നോക്കി അവൻ പറഞ്ഞു.