byjus

മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം ലോകശ്രദ്ധതന്നെപിടിച്ചുപറ്റി. കൊവിഡ് കാലത്ത് ഇന്ത്യയിലെ ഓൺലെെൻ വിദ്യാഭ്യാസത്തിനായി പ്രധാന പങ്കുവഹിക്കുന്ന ബെെജൂസ് ആപ്പിൽ റഷ്യൻ ശതകോടീശ്വരൻ യൂറി മിൽനർ 400 മില്യൺ ഡോളർ നിക്ഷേപം നടത്തുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. യൂറി മിൽനറുടെ നേതൃത്വത്തിലുള്ള നിക്ഷേപസ്ഥാപനമായ ഡി എസ് ടി ഗ്ലോബൽ ബെെജൂസിലേക്ക് 400 മില്യൺ ഡോളർ നിക്ഷേപം നടത്തുന്നത്.

ഓൺലെെൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബെെജൂസിന് ഈ കരാർ പ്രകാരം മൂല്യം ലഭിക്കുക 10.5 ബില്യൺ ഡോളറാണ്. ഈ ആഴ്ചതന്നെ കരാറിൽ ഒപ്പിടുമെന്നും സൂചനയുണ്ട്. യൂറി മില്‍നര്‍ നിക്ഷേപം നടത്തുന്നതോടെ അലിബാബ ഗ്രൂപ്പ് പിന്തുണയുള്ള പേടിഎമ്മിന് ശേഷം ഇന്ത്യയില്‍ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പായി ബൈജൂസ് ആപ്പ് മാറും.

ലോകപ്രശസ്ത സാങ്കേതിക നിക്ഷേപകനാണ് യൂറി മില്‍നര്‍. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലടക്കം ആദ്യ കാലങ്ങളില്‍ അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു. ഇന്ത്യയില്‍ തന്നെ ഫ്‌ളിപ്കാര്‍ട്ട്, ഓല, സ്വിഗ്ഗി, ഉദാന്‍ എന്നിവയില്‍ അദ്ദേഹത്തിന്റെ സ്ഥാപനമായ ഡി എസ് ടി നേരത്തെ നിക്ഷേപം നടത്തിയിട്ടുണ്ട്.

എന്നാൽ ഇപ്പോൾ നടത്തുന്ന നിക്ഷേപത്തെ കുറിച്ച് ഡി എസ് ടിയും ബെെജൂസും ഇതുവരെ കൂടുതൽ പ്രതികരണങ്ങൾ നടത്തിയിട്ടില്ല. ഡി എസ് ടി വക്താവ് ലിയോണിഡ് സോളോവീവ് കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ ചാൻ സക്കർബർഗ്, നാസ്പേഴ്സ്,ടെെഗർ ഗ്ലോബൽ മാനേജ്മന്റ് എന്നിവ ബെെജൂസിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളാണ് ബൈജൂസ് മൊബൈല്‍ ആപ്പിലൂടെ ലളിതമായി പഠിപ്പിക്കുന്നത്. കൂടാതെ ഗെയിമുകളും വീഡിയോകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അദ്ധ്യാപകനായ ബെെജു രവീന്ദ്രനാണ് 2011ൽ എജ്യൂക്കേഷന്‍ ടെക്നോളജി സ്റ്റാര്‍ട്ട് അപ്പായ 'ബൈജൂസ് ' അവതരിപ്പിച്ചത്. പിന്നീട് മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ പഠനം എളുപ്പമാക്കുന്ന സംരംഭമായി ബൈജൂസ് ലേണിംഗ് ആപ്പ് മാറി. തിങ്ക് ആന്‍ഡ് ലേണ്‍ എന്ന കമ്പനിക്ക് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

നിലവിൽ ബെെജൂസിൽ 570 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 350 ലക്ഷത്തിലധികം സബ്സ്ക്രെെബേഴ്സുമുണ്ട്. പ്രതിമാസം 300,000 പുതിയ സബ്സ്ക്രെെബേഴ്സും ബെെജൂസിനുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2020 സാമ്പത്തിക വർഷത്തിൽ ആപ്പിന്റെ വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 2,800 കോടി രൂപ(373 മില്യൺ ഡോളർ) കൂടി. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കിടയിലെ അപൂർവ നേട്ടമാണിത്.

കൊവിഡ് മഹാമാരിയിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ ഓൺലെെൻ വിദ്യാഭ്യാസത്തെയാണ് കുട്ടികൾ ആശ്രയിക്കുന്നത്. ഓൺലെെൻ ക്ലാസുകളിലേക്ക് അദ്ധ്യാപകരും രക്ഷിതാക്കളുമാടക്കം മാറി. നിലവിലെ കണക്കനുസരിച്ച് 2500 ലക്ഷത്തോളം സ്കൂൾ വിദ്യാർത്ഥികളാണ് രാജ്യത്തുള്ളത്. ബെെജൂസ് ഈ വർഷം മാത്രം 400 മില്യൺ ഡോളർ സമാഹരിച്ചു. അവസാനമായി നിക്ഷേപം നടത്തിയത് ബോണ്ട് ക്യാപിറ്റലാണ്.