പാലക്കാട്: കഞ്ചിക്കോട് ട്രെയിൻ തട്ടി തൊഴിലാളികൾ മരിച്ച സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിഷേധം നടത്തുന്നു. ന്യായമായ നഷ്‌ട പരിഹാരം മരിച്ചവരുടെ കുടുംബത്തിന് നൽകണമെന്നും മരണത്തിലെ ദുരൂഹത നീക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. തൊഴിലാളികൾ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥർക്കും, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഫയർ ഫോഴ്‌സിന്റെ വാഹനം അടക്കമുള്ളവ തൊഴിലാളികൾ തല്ലി തകർത്തു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമെ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയുകയുള്ളൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവസ്ഥലത്ത് സായുധ ധാരികളായ പൊലീസുകാർ ക്യാമ്പ് ചെയ്യുന്നുണ്ട്. തൊഴിലാളികളുമായുള്ള അനുനയ ചർച്ചകൾ പുരോമിക്കുകയാണ്. ഇന്നലെയാണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ചനിലയിൽ കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശികളായ ഹരി ഓം, കൻഹായ്, അരവിന്ദ് കുമാർ എന്നിവരാണ് മരിച്ചത്.
ഐ.ഐ.ടി ക്യാമ്പസിലെ കരാർ തൊഴിലാളികളാണ് മരിച്ചത്. ട്രെയിൻ തട്ടിയാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സംഭവം കൊലപാതകമാണെന്നാണ് സഹപ്രവർത്തകരായ തൊഴിലാളികൾ പറയുന്നത്. ഹരി ഓമിനെ ചിലർ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സുഹൃത്തുക്കൾ മണിക്കൂറുകളോളം മൃതദേഹം എടുക്കാൻ സമ്മതിച്ചിരുന്നില്ല. സ്ഥലത്ത് സംഘർഷാവസ്ഥ ഇപ്പോഴും നിലനിൽക്കുകയാണ്.