രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സമമേളനങ്ങളിൽ പോലും ബ്രിട്ടന്റെ ദേശീയപതാകയെ വണങ്ങേണ്ടി വന്നവരാണ് ഇന്ത്യക്കാർ. ആ നിസഹായതയിൽ മനംനൊന്ത് ഭാരതത്തിന് സ്വന്തമായൊരു ദേശീയ പതാക വേണമെന്ന ആശയം പ്രചരിപ്പിച്ച് ദേശീയപതാക രൂപകല്പന ചെയ്തയാളാണ് പിങ്കലി വെങ്കയ്യ. സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ഓരോ ഭാരതീയന്റെയും ദേശഭക്തിയെ ആവേശഭരിതമാക്കുകയും ജ്വലിപ്പിക്കുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി. അദ്ദേഹത്തിന്റെ വിപ്ലവാത്മകമായ ജീവിത കഥ യുവതലമുറയും തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്.
1883 ആഗസ്റ്റ് 2ന് ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്കടുത്തുള്ള ബട്ലപെനിമ എന്ന ഗ്രാമത്തിലാണ് പിംഗലി വെങ്കയ്യയുടെ ജനനം.വിദ്യാഭ്യാസത്തിനു ശേഷം അവിഭക്തമദ്രാസ് സംസ്ഥാനത്തിൽ സെൻസെക്സ് ഡിപ്പാർട്ടുമെന്റിലെ ജോലിയോടെ ഔദ്യോഗിക ജീവിതമാരംഭിച്ചു. സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ കാഹളങ്ങൾ രാജ്യമെമ്പാടും അലയടിക്കവേ സ്വാഭാവികമായി വെങ്കയ്യയും സമരപോരാട്ടങ്ങളിൽ ഭാഗഭാക്കായി. സ്വാതന്ത്ര്യസമരത്തിന്റെ ആദ്യ ഘട്ടങ്ങളിലൊന്നും നമുക്ക് സ്വന്തമായി ഒരു പതാക ഉണ്ടായിരുന്നില്ല, അന്നെല്ലാം വിദേശ പതാകയെയാണ് വന്ദിച്ചിരുന്നത്. ദേശീയ പ്രസ്ഥാനത്തിന് ഒരു സ്വതന്ത്രപതാക വേണമെന്ന ആശയം സ്വാതന്ത്ര്യ സമര പോരാളികളിൽ രൂഢമൂലമായി. അക്കാലത്ത് മേഡം കാമ, പച്ച കുങ്കുമം, ചുവപ്പ് നിറങ്ങളിൽ ദേശീയ പ്രസ്ഥാനത്തിനായി ഒരു പതാക തയ്യാറാക്കി 1905ലെ ബർലിൻ സമ്മേളനത്തിൽ ഉയർത്തിയെങ്കിലും ആർക്കും അതിഷ്ടപ്പെട്ടില്ല. 1906 ൽ കൊൽക്കത്തയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ബ്രിട്ടന്റെ 'യൂണിയൻ ജാക്ക് " എന്ന പതാക ഉയർത്തിയത് ആ സമ്മേളനത്തിൽ പങ്കെടുത്ത പിംഗലി വെങ്കയ്യയെ വളരെയധികം വേദനിപ്പിച്ചു. അങ്ങനെയാണ് ദേശീയപതാകയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വെങ്കയ്യ തുടക്കം കുറിക്കുന്നത്.
എല്ലാ കോൺഗ്രസ്സ് സമ്മേളനങ്ങളിലും ദേശീയ പതാക ഒരു പ്രധാന ചർച്ചാവിഷയമായി അവതരിപ്പിക്കപ്പെട്ടു..ഇതിനിടെ ജെ. സിബോസ്, രവീന്ദ്രനാഥ ടാഗോർ, ബി. സിറോയ്, അശുതോഷ് മുഖർജി തുടങ്ങിയ സമുന്നത നേതാക്കളുമായി വെങ്കയ്യ ഈ ആശയം പങ്കുവെക്കുകയും അവരിൽ നിന്നെല്ലാം വിലപ്പെട്ട നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. 1916 ൽ 'നാഷനൽ ഫ്ളാഗ് ഫോർ ഇന്ത്യ " എന്നൊരു പുസ്തകം ഇംഗ്ലീഷിലെഴുതി ദേശീയപതാകയുടെ പ്രസക്തിയെക്കുറിച്ച് രാജ്യത്തെമ്പാടും പ്രചരിപ്പിച്ചു. അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി സെക്രട്ടറിയേറ്റിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന സർ ഭയ്യ നരസിംഹേശ്വര ശർമ്മ ഈ പുസ്തകം വായിച്ച് ആവേശഭരിതനായി ഒരു അവതാരിക കൂടി എഴുതി ചേർത്തു. ഇതിൽ വിവിധ തരത്തിലുള്ള ദേശീയ പതാകകളുടെ മാതൃകകളും അതിൽ വിവിധ മതങ്ങളുടെ ആശയങ്ങളും വചനങ്ങളുമെല്ലാം ഉൾപ്പെടുത്തിയിരുന്നു
അതേ വർഷം ലഖ്നൗവിൽ നടന്ന കോൺഗ്രസിന്റെ ദേശീയ സമ്മേളനത്തിൽ ഹോം റൂൾ ലീഗ് പ്രവർത്തകർ വെങ്കയ്യ രൂപകല്പന ചെയ്ത പതാകയാണ് ഉയർത്തിയത്. 1916 മാർച്ച് 3 - ഏപ്രിൽ 1 എന്നീ ദിവസങ്ങളിൽ വിജയവാഡയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ മഹാത്മാ ഗാന്ധിയും പങ്കെടുത്തിരുന്നു. ഗാന്ധിജി വെങ്കയ്യയെ പ്രത്യേകം ക്ഷണിച്ച് ചുവപ്പും പച്ചയും നടുവിൽ ചർക്കയുമായി ഒരു പതാക രൂപകല്പന ചെയ്യാൻ നിർദ്ദേശിച്ചു. മൂന്നു മണിക്കൂറിനുള്ളിൽ അത്തരമൊരു പതാക തയ്യാറാക്കി വെങ്കയ്യ മഹാത്മജിക്ക് സമർപ്പിച്ചു. എന്നാൽ ചുവപ്പ് ഹിന്ദുക്കളേയും പച്ച മുസ്ലീങ്ങളേയും പ്രതിനിധീകരിക്കുന്നു എന്ന പ്രചാരണം വന്നതോടെ മറ്റെല്ലാ മതങ്ങൾക്കും പ്രാതിനിധ്യം നൽകി കൊണ്ട് നടുവിൽ വെള്ളയും കൂട്ടിച്ചേർത്ത് ദേശീയ പതാകയിൽ പിന്നെയും മാറ്റങ്ങൾ വരുത്തേണ്ടി വന്നു. എന്നിട്ടും വിവാദങ്ങൾ തുടർന്നു.
1931ൽ കറാച്ചിയിൽ നടന്ന കോൺഗ്രസിന്റെ ദേശീയ സമ്മേളനത്തിൽ ദേശീയ പതാകയുടെ പേരിൽ നടക്കുന്ന വിവാദങ്ങൾക്ക് പരിഹാരം കാണാൻ ഒരു കമ്മിറ്റിയെ തന്നെ നിയോഗിച്ചു. കൂടാതെ മത ബിംബങ്ങളും ചിഹ്നങ്ങളുമെല്ലാം ദേശീയ പതാകയിൽ ഉൾപെടുത്തണമോ എന്ന് പഠിക്കാനായി ഒരു സബ് കമ്മിറ്റിയേയും രൂപീകരിച്ചു.
ഈ കമ്മിറ്റികളുടെ നിർദ്ദേശങ്ങൾ എല്ലാം പരിഗണിച്ചു കൊണ്ടാണ് മതങ്ങളെ ഒന്നും പരിഗണിക്കാതെ ധൈര്യത്തിന്റേയും ത്യാഗത്തിന്റേയും പ്രതീകമായി മുകളിൽ കുങ്കുമം, ശാന്തിയുടേയും സത്യത്തിന്റേയും പ്രതീകമായി നടുവിൽ വെള്ള, ശൗര്യത്തിന്റേയും ഫലഭൂയിഷ്ഠതയുടേയും പ്രതീകമായി അടിയിൽ പച്ച എന്നീ നിറങ്ങളിൽ ദേശീയ പതാക രൂപകല്പന ചെയ്തത്. ഈ പതാകയെ എല്ലാവരും അംഗീകരിച്ചതോടെ ഭാരതത്തിന് സ്വന്തമായൊരു പതാക എന്ന ആശയം ഏതാണ്ട് പൂർത്തിയായി. ഇതോടെ പിങ്കലി വെങ്കയ്യ 'ജണ്ടാ വെങ്കയ്യ " എന്ന പേരിൽ അറിയപെടാൻ തുടങ്ങി. 1947 ജൂലായ് 22 ന് ഇന്ത്യയുടെ ഭരണഘടനാ സമിതിയുടെ നിർദ്ദേശപ്രകാരം ദേശീയ പതാകയിൽ ചർക്കയ്ക്ക് പകരം സാരാനാഥിലെ അശോകസ്തംഭത്തിലെ 'ധർമ്മചക്രം" വെള്ളയിൽ നീല നിറത്തിൽ ആലേഖനം ചെയ്യുകയുണ്ടായി. മഹാനായ ചക്രവർത്തി അശോകന്റെ സ്മരണ നിലനിറുത്താനായിരുന്നു ഇത്. കൂടാതെ ഏതു ദിശയിലൂടെ നോക്കിയാലും ദേശീയ പതാകക്ക് ഒരേ തരത്തിലുള്ള കാഴ്ചപ്പാട് ലഭിക്കുവാനും അശോക ചക്രമായിരുന്നു ഏറ്റവും ഉത്തമം.
ദീർഘചതുരാകൃതിയിലുള്ള ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആണ്. മഹാത്മാ ഗാന്ധിയുടെ പ്രിയപ്പെട്ട ഖാദിയിലാണ് ദേശീയ പതാക നിർമ്മിക്കുന്നത്. 1947 ആഗസ്റ്റ് 14 അർദ്ധരാത്രി ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പിറ്റേദിവസം ആ സ്വാതന്ത്ര്യ പുലരിയെ ജനകോടികൾ സ്വാഗതം ചെയ്തത് പിംഗലി വെങ്കയ്യ രൂപകല്പന ചെയ്ത ത്രിവർണ പതാകയുടെ ശോഭയിലൂടെ ആയിരുന്നു. ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു ഐതിഹാസിക പോരാട്ടത്തിലെ ജ്വലിക്കുന്ന ഒരദ്ധ്യായമായാണ് പിംഗലി വെങ്കയ്യ ഇന്നും സ്മരിക്കപ്പെടുന്നത്. കാർഷിക ഗവേഷണം, ഭൂഗർഭ ഗവേഷണം, വജ്രഖനി ഗവേഷണം തുടങ്ങി വിവിധ വിഷയങ്ങളിൽ അഗാധ വിജ്ഞാനമാർജിക്കുകയും വിഷയങ്ങളെ പറ്റി ആധികാരികമായ ചില ഗ്രന്ഥങ്ങൾ തെലുഗു ഭാഷക്ക് സംഭാവന ചെയ്യുകയും ചെയ്തു. 1963 ജൂലൈ 4 ന് അന്തരിച്ചു. തന്റെ മൃതശരീരത്തിൽ ത്രിവർണ പതാക പുതപ്പിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏക അന്ത്യാഭിലാഷം.