ന്യൂയോർക്ക്: പാകിസ്ഥാൻ ഭീകരവാദികളുടെ നാഡീകേന്ദ്രമാണെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി ടി എസ് തിരുമൂർത്തി. പിടികിട്ടാപുളളികളായ പല ഭീകരവാദികളും പാകിസ്ഥാനിലാണുളളത് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഏതാണ്ട് 40000 ഭീകരർ തന്റെ രാജ്യത്തുണ്ടെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ തന്നെ സമ്മതിച്ച കാര്യമാണെന്നും തിരുമൂർത്തി പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന തീവ്രവാദ സംഘടനകളായ ജമാഅത്ത് ഉദ് ദവ, ലഷ്‌കർ-ഇ-തൊയ്‌ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവ ഇവിടെയാണ്. അൽഖ്വയിദയുടെയും ഐസിസിന്റെയും നേതൃത്വം വഹിക്കുന്നവരുടെ ഉത്ഭവം പാകിസ്ഥാനിൽ നിന്ന് തന്നെയാണ്. ഐസിസ് പോലുളള ഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഐക്യരാഷ്‌ട്രസഭ തയ്യാറാക്കിയ 26ആമത് റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു തിരുമൂർത്തി.
തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് തയ്യാറാക്കിയ ഈ റിപ്പോർട്ടിൽ അൽ ഖ്വയിദ പോലുളള സംഘടനകൾ വഴി പാകിസ്ഥാന്റെ നേരിട്ടുളള ഇടപെടലുകളെ കുറിച്ച് നിരവധി തെളിവുകളുണ്ട്. ഇന്ത്യയുമായുളള പ്രശ്‌നങ്ങൾ അന്താരാഷ്‌ട്രവൽക്കരിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1965ന് ശേഷം ഈ വിഷയത്തിൽ ഐക്യരാഷ്‌ട്ര സഭയിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക ചർച്ചയൊന്നും നടന്നിട്ടുമില്ല. യു എൻ സെക്രട്ടറി ജനറൽ പോലും പാകിസ്ഥാൻ 1972ലെ ഷിംല കരാർ പാലിച്ചില്ല എന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ കൊവിഡ് സ്ഥിതിയെ കുറിച്ച് പാകിസ്ഥാൻ തെറ്റായ വിവരങ്ങൾ ലോകത്ത് പറഞ്ഞുപരത്തുകയാണെന്നും തിരുമൂർത്തി വ്യക്തമാക്കി.