mb-rajesh

തിരുവനന്തപുരം: പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾക്ക് വീഡിയോയിലൂടെ വിശദീകരണവുമായെത്തിയ എം.ബി രാജേഷിന് ലൈക്കിനേക്കാൾ കൂടുതൽ കിട്ടിയത് ഡിസ്‌ലൈക്ക്. 'സി.പി.ഐ.എം കേരള' യൂട്യൂബ് ചാനലിലൂടെയാണ് 'സത്യം പറയുന്ന രേഖകളും കണക്കുകളും' എന്ന പേരിൽ എം.ബി രാജേഷ് വിശദീകരണവുമായെത്തിയത്.

ഡിസ്‌ലൈക്കിനൊപ്പം വീഡിയോയ്ക്ക് താഴെ രൂക്ഷവിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. 'എല്ലായിടത്തും പാർട്ടിക്കാരെ തിരുകി കയറ്റിയിട്ട് ന്യായീകരണമായി വന്നിരിക്കുന്നു','യൂട്യൂബിൽ ഏറ്റവും കൂടുതൽ ഡിസ്‌ലൈക്ക് കിട്ടിയ വീഡിയോ ഏതാ... ഒന്ന് ആഞ്ഞു പിടിച്ചാൽ ആ റെക്കോർഡ് തകർക്കാം', 'പരീക്ഷയിൽ തോറ്റവൻ റാങ്ക്‌ലിസ്റ്റിൽ ഒന്നാമത്. ഇലക്ഷനിൽ തോറ്റവൻ ക്യാബിനറ്റ് റാങ്കിൽ സാധരണക്കാരെ വടിയാക്കരുത്' എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.


ഇതിനോടകം 306,701 പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അതിൽ മുപ്പത്തിയൊമ്പതിനായിരം ലൈക്കാണ് ഇതുവരെ ലഭിച്ചത്. എന്നാൽ ഡിസ്‌ലൈക്കുകളുടെ എണ്ണം എഴുപത്തിമൂവായിരം കടന്നു.പി.എസ്.സി ലിസ്റ്റ് ഉണ്ടായിട്ടുപോലും താൽക്കാലിക നിയമനം നടത്തുന്നതിന് സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.